അലച്ചിലിന് അറുതി; മിണ്ടാപ്രാണികള്‍ക്ക് ഉടമകളായി; ആര്‍ദ്രം ഈ ദത്തെടുക്കല്‍ മേള

മൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ ഉള്‍പ്പെടെ നല്‍കിയാണ് ഇവയെ ദത്തെടുക്കുന്നവര്‍ക്കു കൈമാറുന്നത്
അലച്ചിലിന് അറുതി; മിണ്ടാപ്രാണികള്‍ക്ക് ഉടമകളായി; ആര്‍ദ്രം ഈ ദത്തെടുക്കല്‍ മേള

കൊച്ചി: തെരുവില്‍ അലഞ്ഞിരുന്ന നൂറിലേറെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഉടമകളായി. കൊച്ചി രാജേന്ദ്രമൈതാനത്ത് സംഘടിപ്പിച്ച ദത്തെടുക്കല്‍ മേളയിലാണ് ഇന്നലെ മൃഗസ്‌നേഹികള്‍ മിണ്ടാപ്രാണികളെ ഏറ്റെടുത്തത്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ധ്യാന്‍ ഫൗണ്ടേഷനാണ് ഇതിന് അവസരമൊരുക്കിയത്. ജില്ലയിലെ മൃഗസ്‌നേഹി സംഘടനകളിലെ അംഗങ്ങളും സംരംഭത്തിനായി കൈകോര്‍ത്തു.  മൃഗത്തിനുള്ള ഭക്ഷണപ്പൊതിയടങ്ങിയ സമ്മാനവും സംഘാടകര്‍ നല്‍കി.

സനാതന്‍ ക്രിയയുടെ പ്രചാരകനായ യോഗി അശ്വിനിയാണു ആത്മീയ- ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനു നേതൃത്വം നല്‍കുന്നത്. തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നതും വാഹനങ്ങള്‍ തട്ടി മുറിവേല്‍ക്കുന്നതുമായ മൃഗങ്ങളെയും പക്ഷികളെയും കണ്ടെത്തി ഏറ്റെടുക്കുകയും അവയ്ക്കു  പരിചരണം നല്‍കി സുഖപ്പെടുത്തിയ ശേഷം ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു കൈമാറുകയുമാണു രീതി. മനുഷ്യരുമായി ഇണങ്ങാന്‍ പ്രയാസമായവയെ തിരികെ തെരുവില്‍ വിടും. നായ, പൂച്ച, പശു, കാള എന്നിവയെല്ലാം തെരുവില്‍നിന്ന് ഏറ്റെടുക്കുന്നവയില്‍ പെടുന്നു. 

പ്രായമാകുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന അരുമ മൃഗങ്ങള്‍ക്കും ധ്യാന്‍ അഭയമേകുന്നുണ്ട്. മൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ ഉള്‍പ്പെടെ നല്‍കിയാണ് ഇവയെ ദത്തെടുക്കുന്നവര്‍ക്കു കൈമാറുന്നത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള സേവനമനസ്ഥിതിയുള്ളവരാണു ഫൗണ്ടേഷന്റെ വളന്റിയര്‍മാര്‍.ഫൗണ്ടേഷന്റെ മൃഗസംരക്ഷണ കേന്ദ്രം മട്ടാഞ്ചേരി കൂവപ്പാടത്താണ്. നൂറ്റന്‍പതിലേറെ മൃഗങ്ങള്‍ നിലവില്‍ ഇവിടെയുണ്ട്. 350 മൃഗങ്ങള്‍ക്കാണ് ഇതിനോടകം അഭയമേകിയത്. 

ഇതില്‍ 200 എണ്ണത്തിനെ ദത്ത് നല്‍കിക്കഴിഞ്ഞു. അന്‍പതോളം നായ്ക്കളാണ് ഇവിടെ പരിചരണത്തിലുള്ളത്. പശുക്കളെയും കാളകളെയും കിടാങ്ങളെയും സംരക്ഷിക്കാന്‍ കാക്കനാട് ഗോശാലയുമുണ്ട്. ഇവിടെ സ്ഥലപരിമിതിയുള്ളതിനാല്‍ ആരോഗ്യം വീണ്ടെടുത്ത ശേഷം ഇവയെ മൈസൂരിലെ ഗോശാലയിലേക്കു മാറ്റുകയാണു നിലവില്‍ ചെയ്യുന്നത്. കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ അറുന്നൂറോളം കന്നുകാലികള്‍ക്കാണു മൈസൂരിലെ ഗോശാലയില്‍ അഭയം നല്‍കിയത്. 200 കാലികള്‍ക്ക് അഭയമേകാനാവുന്ന ഗോശാലയ്ക്കായി  കണ്ണമാലിയില്‍ 40 സെന്റ് സ്ഥലം ഫൗണ്ടേഷന്‍ ഏറ്റെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com