ആ ക്രൂരദൃശ്യങ്ങള്‍ ജഡ്ജിയുടെ സാന്നിധ്യത്തില്‍ യുവനടി കണ്ടു, വാഹനങ്ങള്‍ തിരിച്ചറിഞ്ഞു

നടി സഞ്ചരിച്ചിരുന്ന എസ്‌യുവിയും പരിശോധനയ്ക്കായി കോടതിയില്‍ എത്തിച്ചിരുന്നു
ആ ക്രൂരദൃശ്യങ്ങള്‍ ജഡ്ജിയുടെ സാന്നിധ്യത്തില്‍ യുവനടി കണ്ടു, വാഹനങ്ങള്‍ തിരിച്ചറിഞ്ഞു

കൊച്ചി : കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍, പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ നടി കണ്ടു. കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിയുടെ സാന്നിധ്യത്തിലായിരുന്നു നടി ദൃശ്യങ്ങള്‍ കണ്ടത്. അതിന് ശേഷം ക്രോസ് വിസ്താരവും ആരംഭിച്ചു.

കേസിലെ പ്രതികളെ മറ്റൊരു ദിവസമാകും ദൃശ്യങ്ങള്‍ കാണിക്കുക.  KL39, F5744 മഹീന്ദ്ര XUV യില്‍ ആയിരുന്നു അന്ന് നടി സഞ്ചരിച്ചിരുന്നത്. സംവിധായകനും നടനുമായ ലാലിന്റെ മരുമകളുടെ പേരിലുള്ളതാണ് ഈ വാഹനം.

നടി സഞ്ചരിച്ചിരുന്ന എസ്‌യുവിയും പരിശോധനയ്ക്കായി കോടതിയില്‍ എത്തിച്ചിരുന്നു. നടി നേരിട്ട് എത്തി ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞു. എസ് യു വിയില്‍ താന്‍ ഇരുന്നത് എവിടെയായിരുന്നുവെന്ന്  നടി കോടതിക്ക് കാണിച്ചു കൊടുത്തു. അഭിഭാഷകരുടെയും പ്രതികളുടെയും സാന്നിധ്യത്തിലായിരുന്നു നടി വാഹനങ്ങള്‍ തിരിച്ചറിഞ്ഞത്.

പ്രതികള്‍ നടിയെ പിന്തുടര്‍ന്ന് വന്ന ടെമ്പോ ട്രാവലറും പ്രത്യേക കോടതിയില്‍ ഹാജരാക്കിയിരുന്നു. മൂന്ന് വര്‍ഷമായി ആലുവ ട്രാഫിക് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ കെട്ടി വലിച്ചാണ് കോടതി പരിസരത്ത് എത്തിച്ചത്.

കേസില്‍ തട്ടിക്കൊണ്ടു പോയ മുഴുവന്‍ പ്രതികളെയും കഴിഞ്ഞ ദിവസത്തെ വിസ്താരത്തില്‍ ഇരയായ യുവനടി തിരിച്ചറിഞ്ഞിരുന്നു. ഇരയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് വനിതാ ജഡ്ജി ഹണി എം.വര്‍ഗീസ് സാക്ഷി വിസ്താരം നടത്തുന്നത്. നടന്‍ ദിലീപ്, മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, സനല്‍കുമാര്‍, മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com