എതിര്‍പ്പ് വാക്കാല്‍ മാത്രം ; സുപ്രീംകോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2020 11:06 AM  |  

Last Updated: 03rd February 2020 11:06 AM  |   A+A-   |  

 

തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിയില്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് ഗവര്‍ണറെ അറിയിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ റൂള്‍ ഓഫ് ബിസിനസിലെ നിബന്ധനകള്‍ ലംഘിച്ചിട്ടില്ല. ഗവര്‍ണറുടെ എതിര്‍പ്പ് വാക്കാലുള്ളതാണ്. രേഖാമൂലം ഗവര്‍ണര്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന വിഷയമല്ല. ഈ കാര്യം ഗവര്‍ണറെ അറിയിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ നിയമസഭയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം നോട്ടീസ് നല്‍കി. പ്രമേയത്തിനുള്ള അനുമതി കാര്യോപദേശ സമിതി നേരത്തെ തള്ളിയിരുന്നു. കാര്യോപദേശ സമിതി പരിഗണിക്കാന്‍ വിസമ്മതിച്ച പ്രമേയം വീണ്ടും പരിഗണിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.