കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ ;  സുഹൃത്തുക്കളായ ദമ്പതികള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2020 10:44 AM  |  

Last Updated: 03rd February 2020 10:44 AM  |   A+A-   |  

 

മൂലമറ്റം : രണ്ടാഴ്ച മുന്‍പു കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. പതിപ്പള്ളി മേമുട്ടം ചക്കിവര ഭാഗത്ത് താമസിക്കുന്ന അറക്കപടിക്കല്‍ ശശിധരനാ (42)ണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്തെ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ശശിധരന്റെ  അടുത്ത സുഹൃത്തുക്കളായ ദമ്പതികള്‍ അറസ്റ്റിലായി.

ശശിധരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മേമുട്ടം അനി നിവാസില്‍ അനില്‍(36), ഭാര്യ സൗമ്യ എന്നിവരാണ് അറസ്റ്റിലായത്.  കഴിഞ്ഞ 15 നാണ് ശശിധരനെ കാണാതാകുന്നത്. അനിലിന്റെ  വീട്ടില്‍ മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു.

പ്രകോപിതനായ അനില്‍ തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഭാര്യ സൗമ്യ, സുഹൃത്ത് സോമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കാല്‍നടയാത്ര ദുര്‍ഘടമായ വഴിയേ ഒരു കിലോമീറ്റര്‍ മൃതദേഹം തോളില്‍ ചുമന്നു ചതുപ്പില്‍ തള്ളിയെന്നാണ് അനില്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

ഭാര്യയുമായി അകന്നു കഴിയുകയാണ് ശശിധരന്‍. വിദ്യാര്‍ഥികളായ മക്കള്‍ ഹോസ്റ്റലിലാണ്. കുറച്ചു ദിവസങ്ങളായി ശശിധരനെ കാണാനില്ലായിരുന്നു. കൂലിപ്പണിക്കായി പലയിടത്തും പോകാറുള്ള പതിവുള്ളതിനാല്‍, പണിക്കു പോയെന്ന ധാരണയില്‍ ആരും അന്വേഷിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതായതോടെ, ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇന്നലെ  പ്രതികളുമൊത്ത് മേമുട്ടത്ത് എത്തി മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.