കൊറോണ: അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിച്ച് ആരോഗ്യവകുപ്പ്; കലക്ടര്‍മാരുടെ പരിശീലനം റദ്ദാക്കി; അതിര്‍ത്തിയില്‍ മലയാളികള്‍ക്ക് പരിശോധന

കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് ജീവനക്കാരുടെ അവധി സര്‍ക്കാര്‍ റദ്ദാക്കി.
കൊറോണ: അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിച്ച് ആരോഗ്യവകുപ്പ്; കലക്ടര്‍മാരുടെ പരിശീലനം റദ്ദാക്കി; അതിര്‍ത്തിയില്‍ മലയാളികള്‍ക്ക് പരിശോധന

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് ജീവനക്കാരുടെ അവധി സര്‍ക്കാര്‍ റദ്ദാക്കി. അവധിയിലുള്ള ജീവനക്കാരോട് എത്രയും വേഗം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആറ് ജില്ലകളിലെ കലക്ടര്‍മാര്‍ മൊസൂറിയില്‍ പരിശീലനത്തിന് പോകുന്നത് റദ്ദാക്കി. ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും അവധി റദ്ദാക്കി തിരികെ വിളിക്കുമെന്നും സര്‍ക്കാര്‍ വ്യക്കമാക്കി.

അതേസമയം, കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ണാടക പരിശോധന നടത്തുന്നുവെന്ന വിവരവും പുറത്തുവരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് ചാമരാജ് നഗര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തുന്നുവെന്നാണ് വിവരം. ആശുപത്രികളില്‍ കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിച്ചതായും സൂചനയുണ്ട്.

രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായതിന് പിന്നാലെയാണ് കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.. 14 ജില്ലകളിലും ജാഗ്രതാസമിതിയെ നിയോഗിച്ചു. ചൈനയില്‍ നിന്ന് വന്ന 79പേര്‍ക്ക് കൂടി രോഗം ഉണ്ടായേക്കാമെന്നും ചൈനയില്‍ നിന്നു വന്ന ശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നതു കുറ്റകൃത്യമായി കണക്കാക്കുമെന്നുംആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇനി സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിച്ചു.

എല്ലാ ജില്ലകളിയും വൈറസ് ബാധ പ്രതീക്ഷിക്കണം. കണക്കുകള്‍ ശേഖരിക്കുന്നത് ഏറ്റവും പ്രയാസകരമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ആകെ 2239പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 84പേര്‍ ആശുപത്രിയിലാണുള്ളത്. 2155പേര്‍ വീടുകളിലും. 140സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. 49എണ്ണത്തില്‍ ഫലം വന്നു. ഇതില്‍ മൂന്നുപേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ചിലര്‍ വിവരം തരാതെ ഒഴിഞ്ഞുമാറുന്നതായി മനസ്സിലാക്കുന്നുണ്ടെന്നും, ക്വാറന്റൈന്‍ ചെയ്യാന്‍ വിസമ്മതിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തീരെ അനുസരിച്ചില്ലെങ്കില്‍ അത് കുറ്റകൃത്യമായിത്തന്നെ കണക്കാക്കുമെന്നും കെ കെ ശൈലജ മുന്നറിയിപ്പ് നല്‍കി. തല്‍ക്കാലം ശിക്ഷാ നടപടി ആലോചിക്കുന്നില്ല.

കൊറോണ വൈറസ് ബാധ പടരുന്നത് കര്‍ശനമായി തടയാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം വിപുലീകരിച്ചതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 18 കമ്മറ്റികള്‍ ഉണ്ടാക്കി. നിരീക്ഷണത്തിലുള്ളവര്‍ക്ക് കൗണ്‍സിലിംഗിന് പ്രത്യേക കൗണ്‍സിലിംഗ് സംഘത്തെ ഏര്‍പ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

28 ദിവസം നിരീക്ഷണമെന്ന് തീരുമാനിച്ചത് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ്. കൃത്യം 28 ദിവസം തന്നെ ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിച്ച് കഴിയണം. 14 ദിവസം മതിയെന്ന് ആരും കരുതരുതെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com