പിറകില്‍ ബാഗുമായി വരുന്ന ബൈക്ക് യാത്രക്കാരോട് ലിഫ്റ്റ് ചോദിക്കും, പണം കവര്‍ന്ന് പാതിവഴിയില്‍ ഇറങ്ങും, തുടര്‍ന്ന് സുഖവാസ കേന്ദ്രത്തിലേക്ക്; പ്രതിയെ കുടുക്കി സിസിടിവി

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാളെ കുടുക്കി സിസിടിവി
പിറകില്‍ ബാഗുമായി വരുന്ന ബൈക്ക് യാത്രക്കാരോട് ലിഫ്റ്റ് ചോദിക്കും, പണം കവര്‍ന്ന് പാതിവഴിയില്‍ ഇറങ്ങും, തുടര്‍ന്ന് സുഖവാസ കേന്ദ്രത്തിലേക്ക്; പ്രതിയെ കുടുക്കി സിസിടിവി

തൃശ്ശൂര്‍: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാളെ കുടുക്കി സിസിടിവി.
തൃശ്ശൂര്‍ പുതുക്കാട് തെക്കേതൊറവ് പണ്ടാരി വീട്ടില്‍ ഡേവിഡ് (22) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഡേവിഡ് ഇത്തരം നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 

രണ്ട് ദിവസം മുമ്പ് നെല്ലായി സ്വദേശി നിധിന്റെ ബാഗില്‍നിന്ന് 14,000 രൂപ മോഷ്ടിച്ച കേസിലാണ് ഡേവിഡ് പിടിയിലായത്. പുതുക്കാട് സെന്ററിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്. പുതുക്കാട് സെന്റര്‍, പാലിയേക്കര ടോള്‍പ്ലാസ എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കയറുന്നത്. പിറകില്‍ ബാഗുമായി വരുന്ന ബൈക്ക് യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു മോഷണം ആസൂത്രണം ചെയ്തിരുന്നത്. 

ബാഗില്‍നിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കവര്‍ന്ന ഉടനെ ബൈക്ക് യാത്രക്കാര്‍ക്ക് സംശയം തോന്നാത്ത രീതിയില്‍ പാതിവഴിയില്‍ ഇറങ്ങുകയാണ് ഡേവിഡിന്റെ പതിവ്. പുതുക്കാട് സ്‌റ്റേഷനില്‍ മാത്രം ഡേവിഡ് ആറുപേരുടെ പണം കവര്‍ന്നതായി പരാതിയുണ്ട്.

പുതുക്കാട് പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയില്‍നിന്ന് ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. 5,000 മുതല്‍ 50,000 രൂപ വരെ പല ബൈക്ക് യാത്രക്കാരില്‍ നിന്നായി മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം ആലുവയിലുള്ള ബൈക്ക് യാത്രക്കാരന്റെ പണം കവര്‍ന്നതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ട് ആഡംബര ബൈക്ക് വാടകയ്ക്ക് എടുത്ത് സുഖവാസ കേന്ദ്രങ്ങളില്‍ കൂട്ടുകാരുമൊത്ത് കറങ്ങിനടക്കുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com