മാത്യുവിന്റെ 'സംശയങ്ങള്‍' പ്രകോപിപ്പിച്ചു, ആദ്യം മദ്യത്തില്‍ സയനൈഡ്,  കുടിവെള്ളത്തിലൂടെ മരണം ഉറപ്പാക്കി, കുറ്റപത്രം

മാത്യുവിന്റെ മരണം ഉറപ്പിക്കുന്നതിനായി നാലരയോടെ ഇളയ മകനെയും കൂട്ടി വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി
മാത്യുവിന്റെ 'സംശയങ്ങള്‍' പ്രകോപിപ്പിച്ചു, ആദ്യം മദ്യത്തില്‍ സയനൈഡ്,  കുടിവെള്ളത്തിലൂടെ മരണം ഉറപ്പാക്കി, കുറ്റപത്രം

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട അന്നാമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്റെ കൊലപാതകത്തിലും ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതി ജോളി ജോസഫ് രണ്ടുതവണ സയനൈഡ് നല്‍കിയാണ് മാത്യുവിന്റെ മരണം ഉറപ്പാക്കിയതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. ജോളി, എംഎസ് മാത്യു, പ്രജികുമാര്‍ എന്നിവര്‍ പ്രതികളായ കൂടത്തായി കൂട്ടക്കൊലയിലെ നാലാമത്തെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കുന്നത്. 2014 ഫെബ്രുവരി 24 നാണ് മഞ്ചാടിയില്‍ മാത്യുവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

മഞ്ചാടിയില്‍ മാത്യുവിന്റെ അനന്തരവനും ജോളിയുടെ ഭര്‍ത്താവുമായ പൊന്നാമറ്റം തറവാട്ടിലെ റോയി തോമസിന്റെ മരണത്തിലെ സംശയമാണ്, ജോളിയെ മാത്യുവിനെ വകവരുത്താന്‍ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. റോയിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് മാത്യു രംഗത്തുവന്നത് ജോളിയെ ഞെട്ടിച്ചിരുന്നു. റോയിയുടെ മരണത്തിന് പിന്നില്‍ ജോളിയുടെ കരങ്ങളുണ്ടോയെന്ന സംശയം മാത്യു പല സുഹൃത്തുക്കളോടും പങ്കുവെച്ചതും, സ്വത്തിന്റെ കാര്യത്തില്‍ അടക്കം വീട്ടുകാര്‍ മാത്യുവിന്റെ വാക്കിന് വില കൊടുക്കാന്‍ തുടങ്ങിയതും ജോളിയെ പ്രകോപിപ്പിച്ചു.

മാത്യുവിന്റെ മദ്യപാനശീലം മുതലെടുത്ത് അദ്ദേഹത്തെ വകവരുത്താനുള്ള പദ്ധതികളാണ് ജോളി മെനഞ്ഞത്. മാത്യുവിന്റെ വീട്ടില്‍ എപ്പോഴും കയറിച്ചെല്ലാന്‍ ജോളിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. 2014 ഫെബ്രുവരി 24ന്, മാത്യുവിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ കട്ടപ്പനയില്‍ ഒരു വിവാഹത്തിന് പോയത് മനസ്സിലാക്കി ജോളി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. വൈകീട്ട് മൂന്നരയോടെ മാത്യുവിന്റെ വീട്ടിലെത്തിയ ജോളി, കയ്യില്‍ കരുതിയിരുന്ന സയനൈഡ് മദ്യത്തില്‍ കലര്‍ത്തി. ഈ മദ്യം മാത്യുവിന് നല്‍കിയ ശേഷം അവിടെനിന്ന് തിരിച്ചുപോയി.

പൊന്നാമറ്റം വീട്ടില്‍ തിരിച്ചെത്തിയ ജോളി, മാത്യുവിന്റെ മരണം ഉറപ്പിക്കുന്നതിനായി നാലരയോടെ ഇളയ മകനെയും കൂട്ടി വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി. ഛര്‍ദ്ദിച്ച് അവശനായ മാത്യു വെള്ളം ചോദിച്ചപ്പോള്‍ വീണ്ടും കുടിവെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി മരണം ഉറപ്പാക്കി. ജോളി അറിയിച്ചതിന് പിന്നാലെ നാട്ടുകാരെത്തി മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിയിരുന്നു.  മാത്യുവിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നുവെന്നും ഹൃദ്രോഗി ആയിരുന്നുവെന്നം ഡോക്ടറെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനും അത് മെഡിക്കല്‍ രേഖയില്‍ ചേര്‍ക്കാനും ജോളിക്ക് കഴിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ച് മാത്യുവിന് ആന്‍ജിയോഗ്രാം മാത്രമാണ് എടുത്തതെന്നും ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായിട്ടില്ല എന്നുമുള്ള വിവരം പൊലീസിന് ലഭിച്ചത്. മരിക്കുന്നതിന് പത്തുദിവസം മുന്‍പ് മാത്യു ഡോക്ടറെ കാണുകയും പൂര്‍ണ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാരുടെ ഈ മൊഴികളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. മൂന്നംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലും മാത്യുവിന്റെ മരണം കൊലപാതകം എന്നതിലേക്കെത്തുകയായിരുന്നു.

നൂറ്റി എഴുപത്തി എട്ട് സാക്ഷികളും നൂറ്റി നാല്‍പ്പത്തി ആറ് രേഖകളും കുറ്റപത്രത്തിലുണ്ട്. ജോളിയുടെ ഇളയ മകനാണ് കേസിലെ പ്രധാന സാക്ഷി. മാത്യു മഞ്ചാടിയിലിനെ ചികില്‍സിച്ച പത്ത് ഡോക്ടര്‍മാരും സാക്ഷികളാണ്. രണ്ടായിരത്തി പതിനാറ് പേജുള്ള കുറ്റപത്രം കൊയിലാണ്ടി സി.ഐയുടെ നേതൃത്വത്തിലാണ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com