ഐസൊലേഷന്‍ വാര്‍ഡുകളില്‍ മൂന്ന് പേര്‍, 2321 പേര്‍ വീടുകളില്‍, ആശുപത്രിയില്‍ 100 പേര്‍; പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് മന്ത്രി കെ കെ ശൈലജ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 04th February 2020 09:26 PM  |  

Last Updated: 04th February 2020 09:39 PM  |   A+A-   |  

shailaja_teacher

 

 

തിരുവനന്തപുരം:  സംസ്ഥാനത്ത് പുതിയ കൊറോണ വൈറസ് പൊസിറ്റീവ് ഫലങ്ങളില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. നൂറ് പേര്‍ ആശുപത്രിയിലും 2321 പേര്‍ വീടുകളിലായും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. രോഗ ലക്ഷണങ്ങളോടെ മൂന്ന് പേരാണ് ആശുപത്രിയിലെ ഐസലൊഷന്‍ വാര്‍ഡുകളിലുള്ളതെന്നും മന്ത്രി പറഞ്ഞു.
 
ഇന്ന് 32 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
230 പേരാണ് തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവിടെ വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 202 പേര്‍. പുതുതായി 18 സാമ്പിളുകള്‍ കൂടി തൃശൂര്‍ ജില്ലയില്‍ നിന്ന് പരിശോധനക്കായി അയച്ചു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയ ഏഴ് പേര്‍ക്കെതിരെ കൂടി പൊലീസ് കേസെടുത്തു. തൃശൂരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയതിട്ടുമുണ്ട്. കോഴിക്കോട് വീടുകളില്‍ നിരീക്ഷണത്തിലിരിക്കെ വിദേശത്തേക്ക് പോയ രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

രോഗബാധിക പ്രദേശങ്ങളില്‍ നിന്നും മലപ്പുറത്തേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. 357 പേര്‍ മലപ്പുറത്തേക്ക് എത്തിയതില്‍ 337 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 20 പേരാണ് മലപ്പുറത്ത് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഫെബ്രുവരി നാലാം തിയതി മലപ്പുറത്ത് കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായത് നാല് പേര്‍.

മലപ്പുറം കഴിഞ്ഞാല്‍ കോഴിക്കോട്ടേക്കാണ് കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ പേരെത്തിയത്. 316 പേര്‍ കോഴിക്കോട്ടേക്കെത്തിയതില്‍ 310 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലും 6 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുമാണ്. 315 പേരാണ് കൊറാണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എറണാകുളത്തേക്ക് എത്തിയത്. ഇതില്‍ 303 പേര്‍ വീടുകളിലും, 12 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.