കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2020 12:06 PM  |  

Last Updated: 04th February 2020 12:18 PM  |   A+A-   |  

amit

ആഭ്യന്തര മന്ത്രി അമിത് ഷാ/ഫയല്‍

 

ന്യൂഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമന്റില്‍. നിയമത്തില്‍ ലൗ ജിഹാദിന് വ്യാഖ്യാനമില്ലെന്നും ഇത്തരത്തിലുള്ള ഒരു കേസും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി പറഞ്ഞു.

കോണ്‍ഗ്രസ് അംഗം ബെന്നി ബഹനാന്റെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. ലൗ ജിഹാദ് എന്നതിനു നിയമത്തില്‍ വ്യാഖ്യാനമില്ല. കേന്ദ്ര ഏജന്‍സികള്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിലെ രണ്ടു മിശ്ര വിവാഹങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മറ്റു റെക്കോഡുകളൊന്നും ഇല്ലെന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മുസ്ലിം ചെറുപ്പക്കാര്‍ ഇതര മതത്തിലെ പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ചു മതം മാറ്റുന്നതായി വിവിധ കേന്ദ്രങ്ങള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതാണ് പിന്നീട് ലൗ ജിഹാദ് എന്ന പേരില്‍ വിവാദമായത്. നേരത്തെ ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയ ആക്ഷേപം അടുത്തിടെ സിറോ മലബാര്‍ സഭ ആവര്‍ത്തിച്ചിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ ലൗ ജിഹാദില്‍ കുരുക്കുന്നു എന്നായിരുന്നു ആക്ഷേപം.