കൊറോണ : കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളില്‍ പരിശോധന ; ചെക്‌പോസ്റ്റുകളില്‍ മെഡിക്കല്‍ സംഘം

ബസുകളുള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി നോണ്‍ കോണ്‍ടാക്ട് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ്  പരിശോധിക്കുന്നത്
കൊറോണ : കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളില്‍ പരിശോധന ; ചെക്‌പോസ്റ്റുകളില്‍ മെഡിക്കല്‍ സംഘം

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ, സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധനയും നിരീക്ഷണവും ശക്തമായി അയല്‍ സംസ്ഥാനങ്ങള്‍. തമിഴ്‌നാടും കര്‍ണാടകയുമാണ് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയത്. വിദഗ്ധ മെഡിക്കല്‍ സംഘത്തെ പരിശോധനയ്ക്കായി ചെക്ക്‌പോസ്റ്റുകളില്‍ നിയോഗിച്ചിട്ടുമുണ്ട്.

തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂര്‍, കന്യാകുമാരി, തൂത്തുക്കുടി അതിര്‍ത്തികളിലാണ് പരിശോധന ശക്തമാക്കിയത്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അടക്കം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കടത്തിവിടുന്നത്. അതിര്‍ത്തികളില്‍ യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവും നല്‍കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ദക്ഷിണ കന്നഡ, കൊടക്, ചാമരാജ് നഗര്‍, മൈസൂരു എന്നീ ജില്ലകളിലെ കേരളാ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലാണ് ചൊവ്വാഴ്ച മുതല്‍ പരിശോധന നടത്തുന്നത്. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളും തുറന്നു. പനിയോ മറ്റ് ലക്ഷണങ്ങളോ കാണുന്നവരോട് ഏറ്റവും അടുത്ത ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ സംഘം നിര്‍ദ്ദേശിക്കുന്നുണ്ട്. ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് മൈസുരു ദേശീയപാതയിലെ മൂലഹള്ള ചെക്‌പോസ്റ്റില്‍ കര്‍ശനമായ പരിശോധനയാണ് നടക്കുന്നത്. ഒരു ഡോക്ടറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്. ബസുകളുള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി നോണ്‍ കോണ്‍ടാക്ട് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് യാത്രക്കാര്‍ക്ക് പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുന്നത്.

സംശയകരമായ ഒരുകേസുപോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 63പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ 58 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ നാലുപേര്‍ രാജ്യത്തുനിന്ന് പുറത്തുപോയെന്നും കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ സംശയിച്ച് 56 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 39 എണ്ണവും നെഗറ്റീവ് റിസള്‍ട്ടാണ് കാണിച്ചത്. മറ്റുള്ളവയുടെ റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കര്‍ണാടക ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com