ഗര്‍ഭഛിദ്രം ചെയ്തവരുടെ വിശദാംശങ്ങള്‍ തേടി പൊലീസ്; ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം, നോട്ടീസ് നല്‍കി

പേരണ്ടൂര്‍ കനാലില്‍ ബക്കറ്റിലാക്കി ഉപേക്ഷിച്ച നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍  ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നടപടി സ്വീകരിച്ച് പൊലീസ്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കൊച്ചി: പേരണ്ടൂര്‍ കനാലില്‍ ബക്കറ്റിലാക്കി ഉപേക്ഷിച്ച നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍  ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നടപടി സ്വീകരിച്ച് പൊലീസ്. അടുത്തിടെ ഗര്‍ഭഛിദ്രം ചെയ്തവരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട് എളമക്കര പൊലീസ് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് നോട്ടിസ് നല്‍കി. 

2020 ജനുവരി 30 എന്ന് അടയാളപ്പെടുത്തിയ സ്ലിപ്പും മൃതദേഹത്തോടൊപ്പം ബക്കറ്റിലുണ്ടായിരുന്നു. ഏകദേശം 20 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവാണെന്നാണു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമവിധേയമായി ഗര്‍ഭഛിദ്രം നടത്തിയതാകാമെന്നാണു പൊലീസിന്റെ നിഗമനം. 

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് എറണാകുളം പുതുക്കലവട്ടത്ത് പേരണ്ടൂര്‍ കനാലില്‍ ബക്കറ്റില്‍ ഒഴുകി നടക്കുന്ന നിലയില്‍ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇന്നു ലഭിക്കും. മൃതദേഹം കോര്‍പറേഷന്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com