ചൈനയില്‍ നിന്ന് വന്ന രണ്ടു പേര്‍ ആരോഗ്യവകുപ്പിനെ അവഗണിച്ച് വിദേശത്തേയ്ക്ക് മടങ്ങി; തിരിച്ചെത്തിക്കാന്‍ നീക്കം

കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വന്ന രണ്ടുപേര്‍ സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് തിരിച്ച് വിദേശത്തേയ്ക്ക് മടങ്ങി
ചൈനയില്‍ നിന്ന് വന്ന രണ്ടു പേര്‍ ആരോഗ്യവകുപ്പിനെ അവഗണിച്ച് വിദേശത്തേയ്ക്ക് മടങ്ങി; തിരിച്ചെത്തിക്കാന്‍ നീക്കം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വന്ന രണ്ടുപേര്‍ സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് തിരിച്ച് വിദേശത്തേയ്ക്ക് മടങ്ങി. ചൈനയില്‍ നിന്ന് വരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് മറികടന്നാണ് ചൈനയില്‍ നിന്ന് കോഴിക്കോട്ട് എത്തിയ രണ്ടു പേര്‍ തിരിച്ചു വിദേശത്തേയ്ക്ക് തന്നെ മടങ്ങിയത്.

ചൈനയില്‍ നിന്ന് വരുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നത്. കൊറോണ ബാധിത സ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഒരു മാസത്തെ നിരീക്ഷണമാണ് പറയുന്നത്. ഇത് മറ്റുളളവരിലേക്ക് പകര്‍ന്നാല്‍ ഇത്രയും ജനസാന്ദ്രമായ സ്ഥലത്ത് വലിയ ആപത്താണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കേയാണ്, ചൈനയില്‍ നിന്ന് കോഴിക്കോട്ട് എത്തിയ രണ്ടുപേര്‍ വിദേശത്തേയ്ക്ക് തിരിച്ചുപോയത്. 

ഇവരെ മടക്കിക്കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവര്‍ക്ക് കൊറോണ വൈറസ് ബാധയുടെ രോഗലക്ഷണങ്ങളില്ല. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി ഇവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്ന് മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപൂര്‍വം ചിലര്‍ ഒളിച്ച് നടക്കുകയാണ്. ഇത് അത്യന്തം ആപത്താണ്. തീരെ അനുസരിക്കാതെ വരുമ്പോള്‍ ഇത് കുറ്റകരമായി കണക്കാക്കേണ്ടതായി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കൊറോണ ബാധിത സ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഒരു മാസത്തെ  നിരീക്ഷണമാണ് പറയുന്നത്. സ്വന്തം ജീവനും നാടിന്റെ ജീവനും വിലപ്പെട്ടതാണ്. വുഹാനില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിന് പോയത് കേരളത്തില്‍ നിന്നാണ്. അതിനാലാണ് കേരളം ഇത്ര ജാഗ്രത പുലര്‍ത്തുന്നത്. ഇത് മറ്റുള്ളവരിലേക്ക് പകര്‍ന്നാല്‍ ഇത്രയും ജനസാന്ദ്രമായ സ്ഥലത്ത് വലിയ ആപത്താണെന്നും മന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്ത് മൂന്നുപേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും രണ്ടാമത്തെയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. മൂന്നാമത്തെ രോഗി കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണുള്ളത്. സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com