തട്ടിയെടുത്ത പണം തിരികെ കിട്ടാൻ ആക്രി കച്ചവടക്കാരനെ തട്ടിക്കൊണ്ടു പോയി; മോചന ദ്രവ്യമായി പത്ത് ലക്ഷം ചോ​ദിച്ചു; യുവാക്കൾ കുടുങ്ങി

By സമകാലിക മലയാളം ഡെസ്‌  |   Published: 04th February 2020 07:55 AM  |  

Last Updated: 04th February 2020 07:55 AM  |   A+A-   |  

arrest

 

തൃശൂർ: രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത വ്യാപാരിയെ തടവിലാക്കി പത്ത് ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട യുവാക്കളുടെ സംഘത്തിലെ നാല് പേർ പിടിയിൽ. സേലത്തെ ആക്രി കച്ചവടക്കാരൻ കലരാംപട്ടി വീരാവാഞ്ചി ഗോപാലകൃഷ്ണനെ മണ്ണുത്തിയിലേക്കു വിളിച്ചു വരുത്തിയ ശേഷം കത്ത‍‍ി മുനയിൽ നിർത്തി എറണാകുളത്തേക്കു തട്ടിക്കൊണ്ടു പോയ സംഘത്തെയാണ് പൊലീസ് ക‍ുടുക്കിയത്.

കൊല്ലം പെരിനാട് സ്വദേശി രാജേഷ്, തിരുവനന്തപുരം കല്ലിയൂർ സ്വദേശികളായ മഹേഷ്, രജീഷ്, മണ്ണാർക്കാട് സ്വദേശി സുനിൽ എന്നിവരെയാണ് പിടികൂടിയത്. കൂട്ടാളികളായ മറ്റു നാല് പേർ ഒളിവിലാണ്. ഗോപാലകൃഷ്ണന്റെ  വീട്ടുകാരോടാണ് മോചന ദ്രവ്യമായി സംഘം 10 ലക്ഷം ആവശ്യപ്പെട്ടത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: യുവാക്കളുടെ സംഘം നാല് മാസം മുൻപ് ഗോപാലകൃഷ്ണനെ പരിചയപ്പെട്ടിരുന്നു. സുനിൽ ആയിരുന്നു ഇടനിലക്കാരൻ. ഗോപാലകൃഷ്ണനു നോട്ടിരട്ടിപ്പ് ഇടപാടുണ്ടായിരുന്നെന്നു സംശയമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സുനിൽ വഴി രണ്ട് ലക്ഷം രൂപ ഗോപാലകൃഷ്ണനു കൈമാറാൻ രാജേഷും സംഘവും സേലത്തു പോയി. സംശയം തോന്നിയപ്പോൾ പണം കൈമാറാതെ രക്ഷപ്പെടാൻ ഇവർ ശ്രമിച്ചു. എന്നാൽ, ഗോപാലകൃഷ്ണനും സംഘവും യുവാക്കളെ വളയുകയും പണം പിടിച്ചെടുക്കുകയും ചെയ്തെന്നാണ് ആരോപണം.

നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ യുവാക്കൾ ആസൂത്രണം ചെയ്ത വിദ്യയാണ് തട്ടിക്കൊണ്ടു പോകൽ. 10 ലക്ഷം രൂപയുടെ ഇടപാടുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ 30ന് ഉച്ചയ്ക്ക് 12.30ന് ഗോപാലകൃഷ്ണനെ ഇവർ മണ്ണുത്തി ആറാംകല്ലിലെ ലോഡ്ജിലേക്കു വിളിച്ചു വരുത്തി. രാജേഷിന്റെ നേതൃത്വത്തിൽ ആയുധധാരികളായ എട്ടംഗ സംഘം ഇവിടെ കാത്തു നിന്നു. ഗോപാലകൃഷ്നൊപ്പമുണ്ടായിരുന്ന നാല് പേരെ വിരട്ടിയോടിച്ച ശേഷം കാറിൽ എറണാകുളത്തേക്കു കടത്തുകയായിരുന്നു.

ഗോപാലകൃഷ്ണന്റെ കൂട്ടാളി സേലത്തെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. ഇതോടെ ഇവർ സേലം സ്റ്റേഷനിൽ പരാതി നൽകി. മണ്ണുത്തി പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ കാക്കനാട് ഇൻഫോ പാർക്കിനു സമീപത്തെ വീട്ടിൽ നിന്നാണ് സംഘത്തെ പിടികൂടിയത്.