‘ദൃശ്യം’ മോഡൽ ചോദ്യം ചെയ്യൽ; ഗൃഹനാഥനെ കൊന്ന് ചതുപ്പിൽ തള്ളിയ സംഭവത്തിൽ ദമ്പതികൾ കുടുങ്ങിയത് ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌  |   Published: 04th February 2020 07:30 AM  |  

Last Updated: 04th February 2020 07:30 AM  |   A+A-   |  

anil

 

മൂലമറ്റം: ഗൃഹനാഥനെ തലയ്ക്കടിച്ച് കൊല ചെയ്ത ശേഷം ചതുപ്പിൽ തള്ളിയ സംഭവത്തിൽ പ്രതികളെ കുടുക്കിയത് പൊലീസിന്റെ ‘ദൃശ്യം’ മോഡൽ ചോദ്യം ചെയ്യൽ. പ്രതികളെന്ന് സൂചന ലഭിച്ച ദമ്പതികളെ പരസ്പരം കാണാതെ പ്രത്യേകം മുറികളിൽ ഇരുത്തി ഒരേ ചോദ്യങ്ങൾ ചോദിച്ചു. ഇവരുടെ ഉത്തരങ്ങളിലെ പൊരുത്തക്കേട് നിർണായക തെളിവായി മാറി. രണ്ടാഴ്ച മുൻപ് കാണാതായ മേമുട്ടം അറക്കപ്പടിക്കൽ ശശിധരനെ (42) കൊലപ്പെടുത്തി ചതുപ്പിൽ തള്ളിയ കേസിലാണ് ദമ്പതികൾ അറസ്റ്റിലായത്.

മുഖ്യ പ്രതി മേമുട്ടം അനി നിവാസിൽ അനിലിനെ (36) തൊടുപുഴ കോടതി റിമാൻഡ് ചെയ്തു. എന്നാൽ അനിലിനൊപ്പം അറസ്റ്റിലായ ഭാര്യയും  രണ്ടാം പ്രതിയുമായ സൗമ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. സൗമ്യ നേരിട്ടു കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്നു കോടതി നിരീക്ഷിച്ചു.  

മേമ്മുട്ടം സ്വദേശികളായ അനിലും ശശിധരനും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ 15ന് ഇവർ മദ്യപിക്കുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് അനിൽ, തടി കഷണം കൊണ്ട് ശശിധരന്റെ തലയ്ക്കടിക്കുകയായിരുന്നു.

ശശിധരനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയെത്തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി.  ഇതിനിടെ ശശിധരനും അനിലുമായി അനിലിന്റെ വീട്ടിൽ  വഴക്കുണ്ടായതായി രഹസ്യ വിവരം ലഭിച്ചു. ഇവരെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയെങ്കിലും കാര്യമായ തെളിവു  ലഭിച്ചില്ല.

അനിലിനെയും ഭാര്യയെയും പൊലീസ് രണ്ടായി ചോദ്യം ചെയ്തെങ്കിലും അനിൽ കുറ്റം സമ്മതിച്ചില്ല. എന്നാൽ  സൗമ്യ വിവരങ്ങളെല്ലാം പൊലീസിനോടു പറഞ്ഞതായി അനിലിനെ തെറ്റിദ്ധരിപ്പിച്ചതോടെയാണ് ഇയാൾ കുറ്റമേറ്റത്. 

കൊല ചെയ്യാൻ ഉപയോഗിച്ച തടി, അനിലിന്റെ വീട്ടിലെ കട്ടിലിന് അടിയിൽ നിന്നു ലഭിച്ചു. അനിലിന്റെ വീട്ടിൽ നിന്നു ലഭിച്ച ലൈസൻസില്ലാത്ത നിറ തോക്ക് ഇടുക്കി എആർ ക്യാമ്പിലെത്തിച്ച് നിർവീര്യമാക്കും. തോക്ക് കൈവശം വച്ചതിനും കാഞ്ഞാർ പൊലീസ് അനിലിനെതിരെ കേസെടുത്തിട്ടുണ്ട്.