സ്കൂളിൽ പാമ്പുകളെ ടിക്കറ്റ് വച്ച് പ്രദർശനം ; വനംവകുപ്പിന്റെ റെയ്ഡ് ; പ്രദർശനം നടത്തിയ ആളും സഹായിയും 'മുങ്ങി', കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2020 11:36 AM  |  

Last Updated: 04th February 2020 11:36 AM  |   A+A-   |  

 

കോഴിക്കോട് : സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ടിക്കറ്റ് വച്ച് പ്രദർശനം  നടത്താൻ കൊണ്ടുവന്ന പാമ്പുകളെ വനം വകുപ്പ് അധികൃതർ പിടികൂടി. വനം വകുപ്പ്  ഉദ്യോഗസ്ഥർ‌ എത്തിയതറിഞ്ഞ് പാമ്പുകളുമായി പ്രദർശനം നടത്തിയ ആളും സഹായിയും, പാമ്പുകളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.  മലപ്പുറം സ്വദേശി ഷെഫീഖും സഹായിയുമാണ് വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രദർശനത്തിനായി പാമ്പുകളെ എത്തിച്ചത്.

പ്രദർശനത്തിനായി കൊണ്ടുവന്ന 10 മൂർഖൻ, പെരുമ്പാമ്പ്, അണലി, നീർക്കോലി, ചേര എന്നിവ അടക്കം 14 ഇഴ ജന്തുക്കളെയാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്തത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ നീതുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോ​ഗസ്ഥരാണ് പ്രദർശനം നടത്തുന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തി പാമ്പുകളെ പിടികൂടിയത്. താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് പരിസരത്ത് സൂക്ഷിച്ച പാമ്പുകളെ ഉൾവനത്തിൽ തുറന്നു വിടുമെന്ന് അധികൃതർ പറഞ്ഞു.

പ്രദർശനം നടത്തിയ ഭാരവാഹികളുടെ പേരിലും കേസെടുത്തിട്ടുണ്ട്. ബോധവത്കരണം നൽകുകയെന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇത് കുറ്റകരമെന്ന് അറിഞ്ഞില്ലെന്നുമാണ് സംഘാടകർ വനം വകുപ്പ് അധികൃതർക്കു നൽകിയ വിശദീകരണം. രക്ഷപ്പെട്ട പ്രതി ഷെഫീഖിന്റെ പേരിൽ കരുവാരകുണ്ട് സ്റ്റേഷനിൽ കേസുണ്ടന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.