കൊറോണ വൈറസ്; ഇന്ന് ലഭിച്ച ഫലങ്ങളെല്ലാം നെഗറ്റീവ്, സംസ്ഥാനത്ത് 2528 പേര്‍ നിരീക്ഷണത്തില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2020 08:14 PM  |  

Last Updated: 05th February 2020 08:56 PM  |   A+A-   |  

CORONA_VIRUS

 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരായ മൂന്ന് പേരുടേയും ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി. ഇന്ന് സംസ്ഥാനത്ത് പുതിയ പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. 

2528 പേരാണ് സംസ്ഥാനത്ത് നിലവില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത്. 159 പേരെ ഇന്ന് നിരീക്ഷണത്തിലേര്‍പ്പെടുത്തി. 16 പേരെ ബുധനാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്തതായും ആരോഗ്യ മന്ത്രി പറഞ്ഞു. ഇതുവരെ 228 സാമ്പിളുകള്‍ പരിശോധനക്കയച്ചവയില്‍ 196 സാമ്പിളുകളുടെ ഫലം ലഭിച്ചു. ഇതില്‍ മൂന്ന് പോസിറ്റീവ് ഫലങ്ങള്‍ മാത്രമാണുണ്ടായത്.

കൊറോണ വൈറസ് ലക്ഷണങ്ങളോടെ ആലപ്പുഴയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ എട്ട് പേരെ ഡിസ്റ്റാര്‍ജ് ചെയ്തു. നിലവില്‍ എട്ട് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്ന് 11 പേരെ ഒഴിവാക്കി. 

ആലപ്പുഴയില്‍ 179 പേരാണ് ഇപ്പോള്‍ കരുതല്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് ലഭിച്ച 24 ഫലങ്ങളും നെഗറ്റീവ് ആണ്. രോഗലക്ഷണങ്ങളോടെ 28 പേരാണ് തൃശൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. തൃശൂരിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവര്‍ക്ക് വൈഫൈ സൗകര്യം ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ഇന്ന് മൂന്ന് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.