കൊറോണ വൈറസ്; സ്‌കൂളുകളില്‍ നിന്ന് വിനോദ യാത്രകള്‍ വിലക്കി, ഇന്‍ഡസ്ട്രിയല്‍ വിസിറ്റുകള്‍ക്കും നിയന്ത്രണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2020 09:37 PM  |  

Last Updated: 05th February 2020 09:54 PM  |   A+A-   |  

Kerala-School-

 

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദ യാത്രങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌കൂളുകളില്‍ നിന്നുള്ള വിനോദ യാത്രക്ക് പുറമെ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ഇന്‍ഡ്രസ്ട്രിയല്‍ വിസിറ്റ് അടക്കം നിര്‍ത്തി വെക്കാന്‍ നിര്‍ദേശം. 

സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ ലക്ഷണങ്ങളോടെ കൂടുതല്‍ പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നത് ഒഴിവാക്കാനാണ് വിനോദ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്. 

കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് ഉടമകള്‍, അസോസിയേഷന്‍ പ്രതിനിധികള്‍, ഹോം സ്‌റ്റേകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, കെടിഡിസി, ഡിടിപിസി, ഇന്ത്യ ടൂറിസം, കേരള ടൂറിസം, ഇന്‍ഫോപാര്‍ക്, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവയുടെ പ്രതിനിധികള്‍ എറണാകുളം കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. 

സംശയാസ്പദമായ സാഹചര്യത്തില്‍ ആരെങ്കിലും എത്തിയാല്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും രോഗബാധികരെ കണ്ടെത്താന്‍ സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തി. പരിശോധനക്കായി പ്രത്യേക സ്വ്കാഡിനെ രൂപീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സ്‌ക്വാഡിന്റെ സഹായം തേടാമെന്നും കളക്ടര്‍ പറഞ്ഞു.