ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കില്ല, വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കും: ടി പി രാമകൃഷ്ണന്‍

വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുളള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍
ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കില്ല, വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കും: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുളള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരില്‍ ആലോചനയില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ തീരപ്രദേശത്ത് കാസിനോകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇങ്ങനെയൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ടപ്പോള്‍ വിറ്റഴിക്കപ്പെട്ട മദ്യത്തേക്കാള്‍ കുറവ് മദ്യമാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിച്ചതെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ബാറുകള്‍ അടച്ചിട്ടപ്പോഴും കേരളത്തില്‍ മദ്യ ഉപഭോഗം കുറഞ്ഞില്ല. ബാര്‍ ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്ന 2015-2016 വര്‍ഷത്തില്‍ 220.58 ലക്ഷം കെയ്‌സ് മദ്യം വിറ്റു. എന്നാല്‍ നിയന്ത്രണം പിന്‍വലിച്ച 2018-2019 കാലത്ത് 214.34 കെയ്‌സ് മദ്യമാണ് വിറ്റതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ കൂടുതല്‍ ലഹരിമുക്ത കേന്ദ്രങ്ങള്‍ തുറക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ താലൂക്കിലും ലഹരിമുക്ത കേന്ദ്രങ്ങള്‍ തുറക്കാനാണ് ശ്രമിക്കുക.  നിലവിലുള്ള ഇത്തരം കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യവും കിടക്കകളുടെ എണ്ണവും കൂട്ടുമെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com