കെഎസ്ആര്‍ടിസിയുടെ പിന്‍വാതിലില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണു, തൊട്ടുപിന്നില്‍ വന്ന സ്വകാര്യ ബസ് സഡന്‍ ബ്രേക്കിട്ടു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വൈത്തിരിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണു
കെഎസ്ആര്‍ടിസിയുടെ പിന്‍വാതിലില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണു, തൊട്ടുപിന്നില്‍ വന്ന സ്വകാര്യ ബസ് സഡന്‍ ബ്രേക്കിട്ടു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കല്‍പ്പറ്റ: വൈത്തിരിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരാണ് എന്ന് കണ്ടാല്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് സംഭവം. വൈത്തിരി സ്റ്റാന്‍ഡില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്ന ബസില്‍ നിന്നാണ് സ്ത്രീ തെറിച്ചുവീണത്. സ്ത്രീയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഈസമയത്ത് തൊട്ടുപിന്നില്‍ ഉണ്ടായിരുന്ന സ്വകാര്യ ബസ്, സ്ത്രീ തെറിച്ചുവീഴുന്നത് കണ്ട് ഉടനെ വാഹനം നിര്‍ത്തിയത് മൂലം വന്‍ അപകടം ഒഴിവായി. ഉടനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യാത്രക്കാര്‍ വാഹനത്തില്‍ കയറി സുരക്ഷിതമായി എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ വാഹനം എടുക്കാന്‍ പാടുളളൂവെന്നാണ് വ്യവസ്ഥ. ഇവിടെ ഇത് പാലിക്കപ്പെട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആര്‍ടിസി ബസില്‍ ഓട്ടോമാറ്റിക് ഡോര്‍ ഉളളതാണ്. അതിനാല്‍ യാത്രക്കാര്‍ വാഹനത്തില്‍ കയറി കഴിഞ്ഞാല്‍ ഉടന്‍ തന്നെ വാതില്‍ അടയേണ്ടതാണ്. ഇതില്‍ വന്ന വീഴ്ചയാണ് സ്ത്രീ വീഴാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. സ്ത്രീ ബസില്‍ കയറി സുരക്ഷിത സ്ഥാനത്ത് എത്തി എന്ന് ഉറപ്പുവരുത്തുന്നതിന് മുന്‍പ് വാഹനം എടുത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കൂടാതെ വൈത്തിരി സ്റ്റാന്‍ഡില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് തിരിയുന്ന ഭാഗത്തെ വളവില്‍ റോഡില്‍ ചരിവുണ്ട്. ഇതാകാം സ്ത്രീ തെറിച്ചുപോകാന്‍ ഇടയാക്കിയതെന്ന് കണക്കാക്കുന്നു.

വാഹനം പരിശോധിച്ചതിന് ശേഷം മാത്രമേ, കണ്ടക്ടറുടെയോ ഡ്രൈവറുടെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കൂ. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വാതില്‍ അടയാതെ പോയതാണോ എന്നത് അടക്കമുളള കാര്യങ്ങള്‍ പരിശോധിക്കേണ്ടി വരും. സ്ത്രീ തെറിച്ചുവീണ സംഭവത്തില്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും വീഴ്ച സംഭവിച്ചു എന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com