കേരള ഐജി ഇനി തെലങ്കാനയില്‍ മന്ത്രി; ജി ലക്ഷ്മണ്‍ ഐപിഎസ് വിടുന്നു

കേരള പൊലീസിലെ ഐജി ജി. ലക്ഷ്മണ്‍ തെലങ്കാന മന്ത്രിസഭയിലേക്ക്
കേരള ഐജി ഇനി തെലങ്കാനയില്‍ മന്ത്രി; ജി ലക്ഷ്മണ്‍ ഐപിഎസ് വിടുന്നു

തിരുവനന്തപുരം: കേരള പൊലീസിലെ ഐജി ജി. ലക്ഷ്മണ്‍ തെലങ്കാന മന്ത്രിസഭയിലേക്ക്. ഇദ്ദേഹം സര്‍വീസില്‍ നിന്ന് ഉടന്‍ രാജിവയ്ക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആശയവിനിമയം നടത്തിയതായാണു റിപ്പോര്‍ട്ട്. ഇപ്പോള്‍ ഹൈദരാബാദിലുളള ലക്ഷ്മണ്‍ രണ്ടു ദിവസത്തിനകം കേരളത്തിലെത്തും.

കെസിആര്‍ മന്ത്രിസഭയില്‍ ചേരാന്‍ ഏകദേശ തീരുമാനമായെന്നും ഐടി വകുപ്പു ലഭിക്കുമെന്നാണു സൂചനയെന്നും ജി.ലക്ഷ്മണ്‍  പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയെയും കാര്യങ്ങള്‍ ധരിപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

ലക്ഷ്മണിന്റെ അടുത്ത ബന്ധുക്കള്‍ പലരും രാഷ്ട്രീയത്തിലാണ്. 2009,14, 19 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ലക്ഷ്മണ്‍ നിരസിച്ചു. കേരള കേഡറിലെ 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ്‍  (46)നിലവില്‍ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജിയാണ്. ഖമ്മം ജില്ലയാണ് സ്വദേശം.

ആലപ്പുഴ എഎസ്പി ആയി സര്‍വീസ് തആരംഭിച്ച ലക്ഷ്ണന്‍, തിരുവനന്തപുരം റൂറല്‍, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചുട്ടുണ്ട്. നാലു വര്‍ഷം മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി. 14 വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെയാണ് ഐപിഎസ് വിടുന്നത്. ആന്ധ്ര മുന്‍ ഡിജിപി ഡോ. ഡി.ടി. നായിക്കിന്റെ മകള്‍ ഡോ. കവിതയാണു ഭാര്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com