കൈത്താങ്ങായി സര്‍ക്കാര്‍; പ്രവാസി നിയമസഹായ സെല്‍ ഇടപെടല്‍ ഫലംകണ്ടു, ഒമാനില്‍ തടവില്‍ കഴിഞ്ഞ മലയാളി നാട്ടിലെത്തി

കൈത്താങ്ങായി സര്‍ക്കാര്‍; പ്രവാസി നിയമസഹായ സെല്‍ ഇടപെടല്‍ ഫലംകണ്ടു, ഒമാനില്‍ തടവില്‍ കഴിഞ്ഞ മലയാളി നാട്ടിലെത്തി

പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി (PLAC) ആദ്യമായി ഒരു മലയാളിയെ മോചിതനാക്കി.

തിരുവനന്തപുരം: പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി (PLAC) ആദ്യമായി ഒരു മലയാളിയെ മോചിതനാക്കി. നിയമസഹായം ലഭിച്ച് ഒമാനില്‍ നിന്നും മോചിതനായ തിരുവനന്തപുരം സ്വദേശി ബിജു സുന്ദരേശന്‍ നാട്ടിലെത്തി. നോര്‍ക്കയുടെ പദ്ധതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ബിജുവിന് മോചനം ലഭിച്ച് നാട്ടിലെത്താനായത്.

ഒമാനില്‍ ജോലി ചെയ്തിരുന്ന ബിജു സുന്ദരേശന്‍ ഇസ്‌കി പൊലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു. ലേബര്‍ കേസുകളാണ് ബിജുവിനെ പൊലീസ് കസ്റ്റഡിയില്‍ എത്തിച്ചത്. സൗജന്യ നിയമസഹായ പദ്ധതിയുടെ ഭാഗമായി നോര്‍ക്കയുടെയും നോര്‍ക്കയുടെ ഒമാനിലെ ലീഗല്‍ കണ്‍സള്‍ട്ടന്റിന്റെയും നിരന്തരമായ ഇടപെടലുകളിലൂടെ കേസുകള്‍ പിന്‍വലിപ്പിക്കപ്പെട്ടു. ലേബര്‍ ഫൈന്‍, ക്രിമിനല്‍ നടപടികള്‍ എന്നിവയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.

പ്രവാസി നിയമസഹായ സെല്‍ പദ്ധതിയിന്‍ കീഴില്‍ കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലാണ് നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ (NLC) നിയമിച്ചിട്ടുള്ളത്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും, ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതാണ് ഈ പദ്ധതി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പദ്ധതി ആരംഭിച്ചത്.

പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം695014 എന്ന വിലാസത്തിലോ, ceo@norkaroots.net, ceonorkaroots@gmail.com എന്ന ഇമെയിലിലോ സമര്‍പ്പിക്കണം. അപേക്ഷാഫോറം നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org യില്‍ ലഭിക്കും. വിശദവിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com