ദൈവത്തിനു സമര്‍പ്പിച്ച തിരുവാഭരണത്തില്‍ രാജകുടുംബത്തിന് എന്ത് അവകാശം? : സുപ്രീം കോടതി

ശബരിമല തിരുവാഭരണം ദൈവത്തിനു സമര്‍പ്പിച്ചതല്ലേയെന്നു വാദത്തിനിടെ ജസ്റ്റിസ് രമണ ചോദിച്ചു. അങ്ങനെയെങ്കില്‍ രാജകുടുംബത്തിന് അതില്‍ എങ്ങനെയാണ് അവകാശമുണ്ടാവുക?
ദൈവത്തിനു സമര്‍പ്പിച്ച തിരുവാഭരണത്തില്‍ രാജകുടുംബത്തിന് എന്ത് അവകാശം? : സുപ്രീം കോടതി

ന്യൂഡല്‍ഹി: ദൈവത്തിനു സമര്‍പ്പിച്ച ശബരിമല തിരുവാഭരണത്തില്‍ പന്തളം രാജകുടുംബത്തിന് എങ്ങനെ അവകാശവാദം ഉന്നയിക്കാനാവുമെന്ന് സുപ്രീം കോടതി. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനോ പന്തളം രാജകുടുംബത്തിനോ എന്ന് ജസ്റ്റിസ് എന്‍വി രമണ ചോദിച്ചു.

ശബരിമല ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സംശയം ഉന്നയിച്ചത്. ശബരിമല തിരുവാഭരണം ദൈവത്തിനു സമര്‍പ്പിച്ചതല്ലേയെന്നു വാദത്തിനിടെ ജസ്റ്റിസ് രമണ ചോദിച്ചു. അങ്ങനെയെങ്കില്‍ രാജകുടുംബത്തിന് അതില്‍ എങ്ങനെയാണ് അവകാശമുണ്ടാവുക? - കോടതി ആരാഞ്ഞു. 

ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയോ എന്ന് ജസ്റ്റിസ് രമണ ദേവസ്വം ബോര്‍ഡ് അഭിഭാഷകനോടു ചോദിച്ചു. തിരുവാഭരണം ക്ഷേത്രത്തിനു കൈമാറാനും അതു പരിപാലിക്കുന്നതിന് ഒരു പ്രത്യേക ഓഫിസറെ നിയമിക്കാനും നേരത്തേ പറഞ്ഞിരുന്നല്ലോ, അതു നടപ്പിലായോ എന്നായിരുന്നു ചോദ്യം. തിരുവാഭരണം ഇപ്പോഴും രാജകുടുംബത്തിന്റെ പക്കല്‍ തന്നെയാണ് എന്നായിരുന്നു അഭിഭാഷകന്റെ മറുപടി.

തുടര്‍ന്നാണ് തിരുവാഭരണം ദൈവത്തിന്റേതാണോ രാജകുടുംബത്തിന്റേതാണോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാക്കണമെന്നു കോടതി ആവശ്യപ്പെട്ടത്. തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു. 

നേരത്തേ പരിഗണിച്ചപ്പോള്‍ ശബരിമല ഭരണത്തിനു മാത്രമായി പ്രത്യേക നിയമം നിര്‍മിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിന് 2 മാസത്തെ സമയമാണ് സുപ്രീം കോടതി സര്‍ക്കാരിനു നല്‍കിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com