വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ വേണ്ട, വീട്ടിലിരുന്നു തന്നെ ചെയ്യാം; പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടാല്‍ മാത്രം 

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ വേണ്ട, വീട്ടിലിരുന്നു തന്നെ ചെയ്യാം; പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടാല്‍ മാത്രം 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുളള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ ആവശ്യമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുളള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ ആവശ്യമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. ഫോട്ടോ ഉള്ളതിനാലും വോട്ടര്‍ നേരിട്ട് ഹാജരാകുന്നതിനാലും തിരിച്ചറിയല്‍രേഖയും വേണ്ട. പ്രായം സംബന്ധിച്ച് സംശയനിവാരണത്തിന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍മാത്രം പ്രായം തെളിയിക്കുന്ന ഏതെങ്കിലും രേഖ ഹാജരാക്കിയാല്‍ മതിയെന്നും വി ഭാസ്‌കരന്‍ പറഞ്ഞു.

ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഫെബ്രുവരി 14 വരെ www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പേര് ചേര്‍ക്കാം.  വീട്ടിലിരുന്നു തന്നെ കംപ്യൂട്ടറോ മൊബൈല്‍ഫോണോ വഴി പേര് ചേര്‍ക്കാനാകും. ഹിയറിങ്ങിന് എത്തേണ്ട തീയതി അപ്പോള്‍ത്തന്നെ അറിയാം. ഇതനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിലെത്തി പേര് ചേര്‍ക്കാം. കോര്‍പറേഷനുകളില്‍ സോണല്‍ ഓഫീസുകളുണ്ട്. ജനന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്ക്, പൊതുമേഖലാബാങ്കുകളുടെ പാസ്ബുക്ക് തുടങ്ങിയ ഏതെങ്കിലുമൊന്ന് പ്രായം തെളിയിക്കാന്‍ കൈയില്‍ കരുതണം. ഇവ കൈയിലില്ലാത്തവര്‍ക്ക് ഹാജരാക്കാന്‍ സമയം അനുവദിക്കും. പ്രായം സംബന്ധിച്ച് റിട്ടേണിങ് ഓഫീസര്‍ക്ക് സംശയം തോന്നിയാല്‍മാത്രമാണ് രേഖ ആവശ്യപ്പെടേണ്ടതെന്നും ആധാര്‍ ഉള്‍പ്പെടെ ഒരു രേഖയും നിര്‍ബന്ധമല്ലെന്നും തെരഞ്ഞെടുപ്പ് കമീഷണര്‍ വ്യക്തമാക്കി. ഹിയറിങ് തീയതിയില്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതിന് അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 20ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടിക www.lsgelection.kerala.gov.in, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും പരിശോധനയ്ക്ക് ലഭിക്കും. തിരുത്തല്‍ വരുത്തുന്നതിനും പോളിങ് സ്‌റ്റേഷന്‍/വാര്‍ഡ് മാറ്റത്തിനുള്ള അപേക്ഷകളും  ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഫെബ്രുവരി 28നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. വാര്‍ഡ് പുനര്‍നിര്‍ണയത്തിനുശേഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്തും പട്ടിക പുതുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com