ടെലിവിഷന്‍ ഉണ്ടോ?, സ്മാര്‍ട്ട് ഫോണോ?, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടോ? ; സെന്‍സസില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ ഇവ

ടെലിവിഷന്‍ ഉണ്ടോ?, സ്മാര്‍ട്ട് ഫോണോ?, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടോ? ; സെന്‍സസില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ ഇവ
ടെലിവിഷന്‍ ഉണ്ടോ?, സ്മാര്‍ട്ട് ഫോണോ?, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടോ? ; സെന്‍സസില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ ഇവ

തിരുവനന്തപുരം:  സംസ്ഥാനത്ത് സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായ വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പുമായി ബന്ധപ്പെട്ട് 31 ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലി സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പുറപ്പെടുവിച്ചു. സെന്‍സസ് പ്രവര്‍ത്തനങ്ങളും ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പ്രവര്‍ത്തനങ്ങളും രണ്ടാണെന്നും എന്‍.പി.ആര്‍ പുതുക്കലുമായി ബന്ധപ്പെട്ട ചോദ്യാവലി കേരളത്തില്‍ ശേഖരിക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് വ്യക്തത വരുത്തിനല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.

ചോദ്യങ്ങള്‍ ഇവയാണ്: കെട്ടിട നമ്പര്‍, വീടിന്റെ നമ്പര്‍, വീടിന്റെ നിലം ഭിത്തി മേല്‍ക്കൂര എന്നിവയ്ക്കുപയോഗിച്ച പ്രധാന സാമഗ്രികള്‍, വീടിന്റെ ഉപയോഗം, വീടിന്റെ അവസ്ഥ, കുടുംബത്തിന്റെ നമ്പര്‍, കുടുംബത്തില്‍ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം, കുടുംബനാഥന്റെ/നാഥയുടെ പേര്, ആണോ പെണ്ണോ മുന്നാം ലിംഗമോ, കുടുംബ നാഥന്‍ പട്ടിക ജാതിയോ/പട്ടിക വര്‍ഗമോ/മറ്റുളളവരോ, വീടിന്റെ ഉടമസ്ഥത, താമസിക്കാന്‍ ഈ കുടുംബത്തിന് മാത്രമായി കൈവശമുളള മുറികളുടെ എണ്ണം, ഈ കുടുംബത്തില്‍ താമസിക്കുന്ന ദമ്പതികളുടെ എണ്ണം, പ്രധാന കുടിവെളള സ്രോതസ്സ്, കുടിവെളള സ്രോതസ്സിന്റെ ലഭ്യത, വെളിച്ചത്തിന്റെ പ്രധാന സ്രോതസ്സ്, കക്കൂസ് ഉണ്ട്/ഇല്ല, ഏതു തരം കക്കൂസ്, അഴുക്കു വെളളക്കുഴല്‍ സംബന്ധിച്ച്, പരിസരത്തു കുളിക്കാനുളള സൗകര്യം, അടുക്കളയുടെ ലഭ്യത എല്‍.പി.ജി/പി.എന്‍.ജി കണക്ഷന്‍, പാചകത്തിന് പ്രധാനമായി ഉപയോഗിക്കുന്ന ഇന്ധനം, റേഡിയോ/ട്രാന്‍സിറ്റര്‍ ഇവ ഉണ്ടോ, ടെലിവിഷന്‍ ഉണ്ടോ, ഇന്റര്‍നെറ്റ് ലഭ്യത, കമ്പ്യൂട്ടര്‍/ലാപ് ടോപ്, ടെലിഫോണ്‍/മൊബൈല്‍ ഫോണ്‍/സ്മാര്‍ട്ട് ഫോണ്‍, സൈക്കിള്‍/മോട്ടര്‍ സൈക്കിള്‍/സ്‌കൂട്ടര്‍/മോപ്പഡ്, കാര്‍/ജീപ്പ്/വാന്‍, കുടുംബത്തില്‍ ഉപയോഗിക്കുന്ന പ്രധാന ഭക്ഷ്യധാന്യം, മൊബൈല്‍ നമ്പര്‍ (സെന്‍സസ് സംബന്ധമായ ആശയ വിനിമയങ്ങള്‍ക്ക് മാത്രം).

രണ്ടുഘട്ടമായി നടക്കുന്ന രാജ്യത്തിലെ ജനസംഖ്യാ കണക്കെടുപ്പുമായി (സെന്‍സസ് 2021) ബന്ധപ്പെട്ട് സംസ്ഥാനത്ത് നടപ്പാക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായ ജില്ലാ കലക്ടര്‍മാരുമായി ചര്‍ച്ച നടത്തി. എന്‍.പി.ആറുമായി ബന്ധപ്പെട്ട ചോദ്യാവലി സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ വീണ്ടും സ്പഷ്ടീകരിച്ചിട്ടും ചിലര്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.
സെന്‍സസിന്റെ ആദ്യഘട്ടമായ വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പും 2020 മെയ്് ഒന്നു മുതല്‍ 30 വരെ നടത്തും. രണ്ടാംഘട്ടമായ പോപുലേഷന്‍ എന്യുമറേഷന്‍ 2021 ഫെബ്രുവരി ഒന്‍പതു മുതല്‍ 28 വരെ നടത്തും. രാജ്യത്ത് ആദ്യമായി നടത്തുന്ന മൊബൈല്‍ ആപ്പ് വഴിയുള്ള ഡിജിറ്റല്‍ ജനസംഖ്യ വിവരശേഖരണം സംസ്ഥാനത്ത് നൂറുശതമാനം വിജയമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.

10 വര്‍ഷത്തിലൊരിക്കല്‍ രാജ്യത്ത് നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പില്‍ ശേഖരിക്കുന്ന നമ്മുടെ ഓരോരുത്തതുടെയും സാമ്പത്തികസാമൂഹികവ്യക്തിഗത വിവരങ്ങള്‍ നമ്മുടെ നാടിന്റെ അടുത്ത 10 വര്‍ഷത്തേക്കുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കുമുള്ള മണ്ഡല പുനര്‍നിര്‍ണയത്തിനും സംവരണത്തിനുമടക്കം ആശ്രയിക്കുന്ന പ്രധാന വിവരസ്രോതസ് ആയതിനാലും ജനസംഖ്യാ കണക്കെടുപ്പുമായി എല്ലാ ജനങ്ങളെയും സഹകരിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com