തലയിലെ ഹെൽമറ്റിനുള്ളിൽ 'ശംഖുവരയൻ', വിഷപ്പാമ്പുമായി അധ്യാപകൻ സഞ്ചരിച്ചത് 11കിലോമീറ്റർ ; അത്ഭുതകരമായ രക്ഷപ്പെടൽ

തലയിലെ ഹെൽമറ്റിനുള്ളിൽ 'ശംഖുവരയൻ', വിഷപ്പാമ്പുമായി അധ്യാപകൻ സഞ്ചരിച്ചത് 11കിലോമീറ്റർ ; അത്ഭുതകരമായ രക്ഷപ്പെടൽ

വീടിന്റെ കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലാണു ഹെൽമറ്റ് തൂക്കിയിട്ടിരുന്നത്

കൊച്ചി: തലയിലെ ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പുമായി അധ്യാപകൻ ബൈക്ക് ഓടിച്ചത് 11 കിലോമീറ്റർ. വിഷമേറിയ ശംഖുവരയൻ ( വളവളപ്പൻ) പാമ്പിനെയും വെച്ചാണ് ഇയാൾ വാഹനം ഓടിച്ചത്.  കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിലെ സംസ്കൃതാധ്യാപകൻ മാമല കക്കാട് വാരിയത്ത് ‘അച്യുതവിഹാറി’ൽ കെ എ രഞ്ജിത്താണ് പാമ്പിന്റെ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.

ബുധനാഴ്ച രാവിലെ 8.30-ഓടെ വീട്ടിൽനിന്ന്‌ അഞ്ച്‌ കിലോമീറ്റർ അകലെയുള്ള കണ്ടനാട് സ്കൂളിൽ ഹെൽെമറ്റ് ധരിച്ചുകൊണ്ടു തന്നെയാണ് രഞ്ജിത്ത് ബൈക്കോടിച്ചു വന്നത്. തുടർന്ന് തൃപ്പൂണിത്തുറ ആർഎൽവി സ്കൂളിൽ സംസ്കൃതം ക്ലാസിനായി ആറ് കിലോമീറ്ററോളം വീണ്ടും ബൈക്കോടിച്ചു. അപ്പോഴും പാമ്പിനെ കണ്ടില്ല.

പിന്നീട് 11.30-ന്‌ പുറത്തേക്ക് പോകാനായി ബൈക്ക് എടുത്തപ്പോഴാണ് ഹെൽമറ്റിനുള്ളിൽ പാമ്പിന്റെ വാൽ കാണുന്നത്. തുടർന്ന് മറ്റ് അധ്യാപകരും എത്തി പരിശോധിച്ചപ്പോഴാണ്, ഹെൽമറ്റിനുള്ളിൽ ഞെരിഞ്ഞ് ചത്തനിലയിൽ പാമ്പിനെ കണ്ടത്. ഇതോടെ  രഞ്ജിത്തും മറ്റുള്ളവരും ഭയന്നു. ഉടൻതന്നെ രഞ്ജിത്തിനെ താലൂക്കാശുപത്രിയിലെത്തിച്ച് വിശദപരിശോധന നടത്തി. രക്തം പലതവണ പരിശോധിച്ചു. മുറിവോ മറ്റൊന്നും ഇല്ലെന്നറിഞ്ഞപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്.

വീടിന്റെ കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലാണു ഹെൽമറ്റ് തൂക്കിയിട്ടിരുന്നത്. സമീപത്തെ കാട്ടിൽ നിന്നാകാം പാമ്പു കയറിയത് എന്നാണ് രഞ്ജിത് പറയുന്നത്. പാമ്പ് കുടിയേറുകയും ചതഞ്ഞ് ചാകുകയും ചെയ്ത ഹെൽമറ്റ് അധ്യാപകൻ മണ്ണെണ്ണ ഒഴിച്ച്  കത്തിച്ച് നശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com