തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ല ; കോടതി നിര്‍ദേശിച്ചാല്‍ കൂടുതല്‍ സുരക്ഷ ഒരുക്കും : കടകംപള്ളി സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2020 08:32 AM  |  

Last Updated: 06th February 2020 08:32 AM  |   A+A-   |  

 

തിരുവനന്തപുരം : ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവാഭരണം ഏറ്റെടുക്കേണ്ടതില്ല. സര്‍ക്കാരിന്റെ സുരക്ഷയിലാണ് പന്തളം രാജകൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നത്. കൂടുതല്‍ സുരക്ഷയും സംരക്ഷണവും വേണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞില്ലല്ലോയെന്ന് മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിക്കുമെന്നേ പറഞ്ഞിട്ടുള്ളൂ. സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ അത് ചെയ്യുമെന്നാണ് പറഞ്ഞത്. ഏറ്റെടുക്കുമെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്താ. അങ്ങനെ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് എന്ത് കാര്യമെന്നും മന്ത്രി ചോദിച്ചു. സര്‍ക്കാര്‍ സംരക്ഷിക്കാന്‍ തയ്യാറാണെന്നാണ് പറഞ്ഞതിന്റെ അര്‍ത്ഥമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറയുന്നതാണ്. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ദൈവത്തിനു സമര്‍പ്പിച്ച തിരുവാഭരണത്തില്‍ രാജകുടുംബത്തിന് എന്ത് അവകാശമെന്ന് സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. തിരുവാഭരണം ഇപ്പോഴും രാജകുടുംബത്തിന്റെ പക്കല്‍ സൂക്ഷിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ സൂചിപ്പിച്ചപ്പോഴാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. തുടര്‍ന്ന് തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.