'പിണറായിക്ക് നല്ലത് മുസ്ലീം ലീഗില്‍ ചേരുന്നത്; അവര്‍ മാവോയിസ്റ്റുകളല്ല നല്ല കുട്ടികളാണെന്ന് മുഖ്യമന്ത്രി പറയണം': കെ സുരേന്ദ്രന്‍

കേസ് സംസ്ഥാനത്തിന് വിട്ടുതരണമെന്ന ആവശ്യത്തിലൂടെ എന്ത് സന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.
'പിണറായിക്ക് നല്ലത് മുസ്ലീം ലീഗില്‍ ചേരുന്നത്; അവര്‍ മാവോയിസ്റ്റുകളല്ല നല്ല കുട്ടികളാണെന്ന് മുഖ്യമന്ത്രി പറയണം': കെ സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീകരവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അലനും താഹയ്ക്കുമെതിരായ യുഎപിഎ കേസ് സംസ്ഥാന പൊലീസിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത് ഇതിന്റെ ഭാഗമായാണ് കെ സുരേന്ദ്രന്‍ പറഞ്ഞു. ചായ കുടിക്കാന്‍ പോയപ്പോള്‍ അറസ്റ്റ് ചെയ്തതല്ലെന്നാവര്‍ത്തിച്ച മുഖ്യമന്ത്രി പിന്നെ എന്തിനാണ് അമിത് ഷായ്ക്ക കത്തയച്ചതെന്ന് വിശദീകരിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഭീകരവാദ കേസായതുകൊണ്ടാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. ഇപ്പോള്‍ കേവലം വോട്ടുബാങ്കിനായി പിണറായി സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. മുസ്ലീം ലീഗ് നേതാവ് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചപ്പോള്‍ യുഎപിഎ കേസെടുത്തതില്‍ നിന്ന് പിന്നോട്ടും പോകില്ലെന്നും, അമിത് ഷായുടെ കാല് പിടിക്കണോയെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഇപ്പോള്‍ ആരെയോ ഭയപ്പെട്ടാണ്. മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം. പരിതാപകരമാണ് ഈ നിലപാടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു

കേസ് സംസ്ഥാനത്തിന് വിട്ടുതരണമെന്ന ആവശ്യത്തിലൂടെ എന്ത് സന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഇവര്‍ക്കെതിരെയെടുത്ത കേസ് രാജ്യരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞത് അമിത് ഷായല്ല. മുഖ്യമന്ത്രിയാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വോട്ടിന് വേണ്ടി രാജ്യരക്ഷയെ ബലികഴിക്കുകയാണ്. ഇതിലും നല്ലത് മുഖ്യമന്ത്രി  മുസ്ലീംലീഗില്‍ ചേരുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇവര്‍ മാവോയിസ്റ്റുകളല്ലെന്ന് ബോധ്യപ്പെട്ടെങ്കില്‍ അത് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സിപിഎമ്മിന്റെ പല ഉന്നത നേതാക്കളും പറഞ്ഞത് അവര്‍ മാവോയിസ്റ്റുകള്‍ മാത്രമല്ല മുസ്ലീം തീവ്രവാദസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണെന്നാണ്. ഒരു വിവരവും ഇല്ലാതെയാണോ രണ്ട് യുവാക്കള്‍ക്കെതിരെ പിണറായിയുടെ പൊലീസ് കേസെടുത്തത്. ഇപ്പോള്‍ നിലപാട് മാറ്റുമ്പോള്‍ അത് വിശദീകരിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിയ്ക്കുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരള പൊലീസിനെ പോലെ ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നവരല്ല എന്‍ഐഎയെന്ന് സിപിഎമ്മും മുഖ്യമന്ത്രിയും മനസ്സിലാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം വിലകുറഞ്ഞ ആവശ്യം പരിഗണിക്കാന്‍ എന്‍ഐഎയും കേന്ദ്രസര്‍ക്കാരും തയ്യാറാവരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com