'പിണറായി ഉയിര്‍, സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ...'; ബല്‍റാമിന്റെ കുറിപ്പ് 

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുളള സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന പിണറായി വിജയന്റെ നിയമസഭ പ്രസംഗമാണ് മോദി രാജ്യസഭയില്‍ ഏറ്റുപറഞ്ഞത്
'പിണറായി ഉയിര്‍, സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ...'; ബല്‍റാമിന്റെ കുറിപ്പ് 

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ ഏറ്റുപറഞ്ഞതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം.  'പിണറായി സഖാവ് ഉയിര്‍. സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഗവര്‍ണറല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റു പറഞ്ഞേ പറ്റൂ'- വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുളള സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന പിണറായി വിജയന്റെ നിയമസഭ പ്രസംഗമാണ് മോദി രാജ്യസഭയില്‍ ഏറ്റുപറഞ്ഞത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പിണറായി വിജയന്റെ പ്രസംഗം മോദി ആയുധമാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസംഗമാണ് മോദി രാജ്യസഭയില്‍ ഉയര്‍ത്തിപ്പിടിച്ചത്. 'പ്രക്ഷോഭത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ആരെയും അനുവദിക്കില്ല. പ്രതിഷേധവും സംഘര്‍ഷവും രണ്ടും രണ്ടാണ്. സമരത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല'- എന്നിങ്ങനെയാണ് പിണറായിയുടെ പ്രസംഗം.

'സംസ്ഥാനത്ത് വിവിധ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നിട്ടുണ്ട്. അതെല്ലാം തികച്ചും സമാധാനപരമായി ആയിരുന്നു. എന്നാല്‍ എസ്ഡിപിഐ എന്ന സംഘടന ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. തീവ്രവാദസംഘങ്ങള്‍ സമരം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. എസ്ഡിപിഐക്കെതിരെയും തീവ്രവാദ സംഘങ്ങള്‍ക്കെതിരെയും കേസെടുക്കുന്നതില്‍ എന്തിനാണ് പ്രതിപക്ഷം വിറളി പിടിക്കുന്നത്. അവര്‍ എല്ലായിടത്തും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും'- നിയമസഭയിലെ പിണറായിയുടെ വാക്കുകള്‍ ഇങ്ങനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com