മുഖ്യമന്ത്രിയെ കുറിച്ച് മോദി പറഞ്ഞത് വസ്തുതാവിരുദ്ധം; പിണറായി രാജ്യത്തിനാകെ മാതൃകയെന്ന് സിപിഎം

വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഉദ്ധരിച്ചു പ്രധാനമന്ത്രി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്
മുഖ്യമന്ത്രിയെ കുറിച്ച് മോദി പറഞ്ഞത് വസ്തുതാവിരുദ്ധം; പിണറായി രാജ്യത്തിനാകെ മാതൃകയെന്ന് സിപിഎം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമെന്ന് സിപിഎം നേതാവ് എളമരം കരീം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭങ്ങളിലൂടെ രാജ്യത്തിനാകെ മാതൃകയായിരുന്നു കേരളവും മുഖ്യമന്ത്രി പിണറായി വിജയനും. അദ്ദേഹത്തെ പറ്റി മോദി പറഞ്ഞത് തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. തുടക്കം മുതല്‍ യോജിച്ച സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും അതിനു നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു

അദ്ദേഹം കേരളത്തില്‍ നടന്ന ചില സമരങ്ങളില്‍ എസ്ഡിപിഐ പോലുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമര്‍ശത്തെ വളച്ചൊടിച്ചു രാജ്യത്ത് നടക്കുന്ന സമരങ്ങളെയാകെ ഇകഴ്ത്തിക്കാണിക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതല്ല. തുടക്കം മുതല്‍ രാജ്യത്തെ പ്രക്ഷോഭങ്ങളെയെല്ലാം താറടിച്ചുകാണിക്കാന്‍ എല്ലാ രീതിയിലും ശ്രമിച്ച ബിജെപിയും പ്രധാനമന്ത്രിയും ഇപ്പോള്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഉദ്ധരിച്ചു ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കരീം പറഞ്ഞു

ഇന്ത്യാ വിഭജന കാലത്തെ സാഹചര്യത്തില്‍ അന്നത്തെ ദേശീയ നേതാക്കള്‍ നടത്തിയ പ്രസ്താവനകളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു പൗരത്വ ഭേദഗതി നിയമത്തെ സാധൂകരിക്കാനുള്ള വൃഥാ വ്യായാമമാണ് അദ്ദേഹം നടത്തിയത്. മഹാത്മാ ഗാന്ധിയെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെയും ഉള്‍പ്പെടെ പരാമര്‍ശിച്ചു രാജ്യത്തിന്റെ അങ്ങോളമിങ്ങോളം സമരം ചെയ്യുന്ന ആബാലവൃദ്ധം ജനങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. അതേ രീതിയിലാണ് കേരളത്തെ കുറിച്ചുള്ള പരാമര്‍ശവുമെന്ന് കരീം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com