റോഡില്‍ നിന്ന് ഇറങ്ങി നടന്നില്ല; വിദ്യാര്‍ത്ഥിയെ ഇടിച്ചിട്ട് കാലുകളിലൂടെ കാര്‍ കയറ്റിയിറക്കി, ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2020 07:19 AM  |  

Last Updated: 06th February 2020 07:19 AM  |   A+A-   |  

Untitled-2_copy

 

തിരൂര്‍: റോഡില്‍നിന്ന് ഇറങ്ങിനടന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ കാറിടിച്ചു വീഴ്ത്തി കാലുകളിലൂടെ കാര്‍ കയറ്റിയിറക്കിയെന്നു പരാതി. രണ്ടു കാലിന്റെയും എല്ലുകള്‍ പൊട്ടിയ മീനടത്തൂര്‍ ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥി പണിക്കോട്ടില്‍ ബിന്‍ഷാദ് റഹ്മാനെ(15) പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പകര സ്വദേശിയാണ് തന്നെ ഇടിച്ചിട്ടതെന്ന് വിദ്യാര്‍ഥി മൊഴി നല്‍കി.

കഴിഞ്ഞ ദിവസം രാവിലെ മീനടത്തൂര്‍ സ്‌കൂളിനു സമീപമാണു സംഭവം നടന്നത്. കുട്ടികള്‍ സ്‌കൂളിലേക്ക് വരുംവഴി കാറില്‍ എത്തിയ ആള്‍, വാഹനം വരുന്നതു കണ്ടിട്ടും റോഡില്‍നിന്ന് ഇറങ്ങിനടന്നില്ലെന്ന പേരില്‍ വിദ്യാര്‍ഥികളുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നീട് അമിതവേഗത്തില്‍ കാര്‍ ഓടിച്ച് ബിന്‍ഷാദിനെ ഇടിച്ചിട്ടെന്നും കാലുകളിലൂടെ കാര്‍ കയറ്റിയിറക്കിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

നിര്‍ത്താതെ പോയ കാര്‍ തടഞ്ഞ് പൊലീസിനെ ഏല്‍പിച്ചെങ്കിലും കേസ് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാര്‍ കസ്റ്റഡിയിലെടുത്തെങ്കിലും പരുക്കേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് ആദ്യം തയാറായില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.  പിന്നീട് എംഎല്‍എ ഇടപെട്ടതോടെയാണ് വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയത്.