ശബരിമല: വിശാല ബെഞ്ച് രൂപീകരണത്തെ എതിര്‍ത്ത് കേരളം സുപ്രീം കോടതിയില്‍

ബെഞ്ച് രൂപീകരിച്ചത് സാങ്കേതികമായി സാധുവല്ലെന്ന വാദം ബാലിശമെന്ന് സോളിസിറ്റര്‍ ജനറല്‍
ശബരിമല: വിശാല ബെഞ്ച് രൂപീകരണത്തെ എതിര്‍ത്ത് കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതിനെ എതിര്‍ത്ത് കേരളം സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു. പുനപ്പരിശോധനാ ഹര്‍ജി പരിഗണിച്ചുകൊണ്ട്, വിശാല ബെഞ്ചിനു ചോദ്യങ്ങള്‍ റഫര്‍ ചെയ്യാന്‍ അഞ്ചംഗ ബെഞ്ചിന് അധികാരമില്ലെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിച്ചു. 

ശബരിമല യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പിഴവുണ്ടോ എന്നു മാത്രമാണ് പുനപ്പരിശോധനാ ഹര്‍ജിയില്‍ പരിശോധിക്കാനാവുകയെന്ന് ജയദീപ് ഗുപ്ത പറഞ്ഞു. പിഴവുണ്ടെങ്കില്‍ മാത്രമാണ് ശബരിമല കേസ് കോടതിക്കു വീണ്ടും പരിഗണിക്കാനാവുക. പുനപ്പരിശോധനാ ഹര്‍ജി തീര്‍പ്പാക്കുന്നതിന് അടിസ്ഥാനം റഫറന്‍സില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ആവരുത്. റിവ്യൂവിലെ വിധി അതത് കക്ഷികള്‍ക്കു മാത്രമാണ് ബാധകമാവുക. റഫറന്‍സില്‍ അങ്ങനെയല്ലെന്ന് ജയദീപ് ഗുപ്ത പറഞ്ഞു. 

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഒന്‍പത് അംഗ ബെഞ്ചിനു മുന്നില്‍ വാദത്തിനു തുടക്കമിട്ടത്. ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയ് സ്വന്തം നിലയ്ക്കാണ് വിശാലമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റഫറന്‍സ് നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ചീഫ് ജസ്റ്റിസിന് അത്തരം അധികാരമുണ്ട്. ശബരിമല റിവ്യൂ ഹര്‍ജി പരിഗണിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നുകൊണ്ടും ചീഫ് ജസ്റ്റിസിന് ഇത്തരമൊരു റഫറന്‍സ് നടത്താവുന്നതാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു. വിശാല ബെഞ്ച് ശബരിമല റിവ്യൂ ഹര്‍ജികള്‍ പരഗിണിക്കില്ലെന്ന് വ്യകതമാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. 

ബെഞ്ച് രൂപീകരണം സാങ്കേതികമായി ശരിയല്ലെങ്കില്‍ പോലും അതിനു മുന്നില്‍ വന്ന നിയമ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ വിശാല ബെഞ്ചിന് അധികാരമുണ്ട്. നീതി നടത്തിപ്പില്‍ സാങ്കേതികത്വം കോടതിക്കു മുന്നില്‍ തടസ്സമാവരുത്. ബെഞ്ച് രൂപീകരിച്ചത് സാങ്കേതികമായി സാധുവല്ലെന്ന വാദം ബാലിശമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

സോളിസിറ്റര്‍ ജനറല്‍ പറയുന്നതുപോലെ വിശാലബെഞ്ച് രൂപീകരിച്ച ഉത്തരവ് ചീഫ് ജസ്റ്റിസിന്റെ ഭരണപരമായ ഉത്തരവ് ആയിരുന്നില്ലെന്ന് എതിര്‍ വാദം ഉന്നയിച്ച സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ചൂണ്ടിക്കാട്ടി. അതൊരു ജുഡീഷ്യല്‍ ഉത്തരവാണ്. മറ്റു രണ്ടു ജഡ്ജിമാര്‍ അതില്‍ ഒപ്പു വച്ചിട്ടുണ്ട്. ശബരിമല കേസില്‍ മൂന്നംഗ ബെഞ്ച് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. അഞ്ച് അംഗം ബെഞ്ച് അതിന് ഉത്തരം കണ്ടെത്തി. അതിനെതിരെയാണ് റിവ്യു സമര്‍പ്പിക്കപ്പെട്ടത്- നരിമാന്‍ ചൂണ്ടിക്കാട്ടി.

ശബരിമല ഭക്തരെ പ്രത്യേക മതവിഭാഗമായി കാണാനാവുമോ എന്നായിരുന്നു പ്രധാന ചോദ്യം. അതിന് 2018ലെ വിധിയില്‍ ഉത്തരമായതാണ്. അതില്‍ പിഴവുണ്ടോ എന്നു മാത്രമാണ് റിവ്യു ഹര്‍ജിയില്‍ ചെയ്യാനാവുകയെന്ന് നരിമാന്‍ വാദിച്ചു. തീരുമാനമായ കാര്യം അങ്ങനെയല്ലാതാക്കി മാറ്റാന്‍ കോടതിക്കാവില്ല. ശബരിമല ഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാനാവില്ലെന്ന 4-1 വിധി നിലനില്‍ക്കെ വിശാല ബെഞ്ചിനു മുന്നില്‍ വന്ന ചോദ്യങ്ങള്‍ സാങ്കല്‍പ്പികം മാത്രമാണെന്ന് നരിമാന്‍ പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനാവുക രാഷ്ട്രപതിക്കാണ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോ മറ്റാര്‍ക്കെങ്കിലുമോ അതിനാവില്ല. 'ഇത് അമേരിക്കന്‍ ഭരണഘടനയല്ല' - നരിമാന്‍ വാദിച്ചു. 

മറ്റു ചില കേസുകള്‍ പരിഗണനയില്‍ ഉള്ളതിനാല്‍ അവ കൂടി ഉള്‍പ്പെടുന്ന നിയമ പ്രശ്‌നത്തില്‍ തീരുമാനമായതിനു ശേഷമേ റിവ്യൂ ഹര്‍ജിയില്‍ തീരുമാനമെടുക്കാനാവൂ എന്നു ബെഞ്ചിനു ബോധ്യപ്പെട്ടാല്‍ മാറ്റിവയ്ക്കാനാവില്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വസ്തുതകളിലേക്കു പോവാതെ മറ്റു കേസുകളിലെ നിയമ പ്രശ്‌നങ്ങളില്‍ എങ്ങനെയാണ് തീരുമാനമെടുക്കുകയെന്ന് നരിമാന്‍ പ്രതികരിച്ചു. വസ്തുതകളെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണ് നീതി നടത്തിപ്പിലെ അടിസ്ഥാന പ്രമാണം. ആദ്യം നിയമം വ്യാഖ്യാനിച്ച് അതിനു ശേഷം വസ്തുതകള്‍ പരിശോധിക്കുകയല്ല, നരിമാന്‍ പറഞ്ഞു. 

ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജി പരിഗണിച്ചുകൊണ്ട് ഇത്തരമൊരു വിശാല ബെഞ്ച് രൂപീകരിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. ഒട്ടേറെ സീനിയര്‍ അഭിഭാഷകര്‍ നരിമാനെ പിന്തുണച്ചു രംഗത്തുവന്നതോടെ ഇക്കാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അറിയിക്കുകയായിരുന്നു. 

ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസത്തില്‍ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതു പരിശോധിക്കുന്ന ഒന്‍പതംഗ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കാനുള്ള വാദത്തിനിടെയാണ്, ഫാലി എസ് നരിമാന്‍ എതിര്‍വാദം ഉന്നയിച്ചത്. അഞ്ചംഗ ബെഞ്ച് മുന്നോട്ടുവച്ചതു പോലുള്ള ചോദ്യങ്ങള്‍ കോടതിക്കു പരിഗണിക്കാവുന്നതാണ്. എന്നാല്‍ ഒരു കേസിലെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന് ഇത്തരമൊരു അധികാരമില്ലെന്ന് ഫാലി എസ് നരിമാന്‍ പറഞ്ഞു. രാജ്യത്തെ പ്രമുഖ ഭരണഘടനാ വിദഗ്ധനായ ഫാലി നരിമാന്‍ സ്വന്തം നിലയ്ക്കാണ് കേസില്‍ ഹാജരായത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ക്കു 4-1 വിധിയിലുടെ അഞ്ചംഗ ബെഞ്ച് ഉത്തരം കണ്ടെത്തിയതാണെന്ന് നരിമാന്‍ ചൂണ്ടിക്കാട്ടി. മൂന്നംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് അഞ്ചംഗ ബെഞ്ച് ഉത്തരം കണ്ടെത്തിയത്. ആ വിധിയില്‍ പിഴവുണ്ടോ എന്നു പരിശോധിക്കുകയാണ് റിവ്യൂ ഹര്‍ജിയില്‍ ചെയ്യാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ നടപടിയെന്ന് ഫാലി നരിമാന്‍ വാദിച്ചു. 

സീനിയര്‍ അഭിഭാഷകരായ രാജീവ് ധവാന്‍, കപില്‍ സിബല്‍, ശ്യാം ധിവാന്‍, രാകേഷ് ദ്വിവേദി എന്നിവര്‍ നരിമാന്റെ വാദങ്ങളെ പിന്തുണച്ചു. നരിമാന്‍ ഉന്നയിക്കുന്ന വാദങ്ങള്‍ പ്രാഥമികമായി പരിശോധിക്കണമെന്ന് ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന് ഇത്തരമൊരു അധികാരമില്ലെന്ന് സീനിയര്‍ അഭിഭാഷകര്‍ വാദിച്ചു. ശബരിമല വിധി പറഞ്ഞ കേസാണ്. റിവ്യൂ മാത്രമാണ് കോടതിക്കു മുന്നിലുള്ളത്. അതില്‍ എങ്ങനെ വിശാല ബെഞ്ച് രൂപീകരിക്കാനാവുമെന്ന് രജീവ് ധവാന്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com