ക്യാന്‍സറിനെ നേരിടാന്‍ ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക്; കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2020 10:42 AM  |  

Last Updated: 07th February 2020 10:43 AM  |   A+A-   |  

 

തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സാ സഹായത്തിനായി ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്. കെഎസ്ഡിപി ക്യാന്‍സര്‍ മരുന്നുത്പാദന രംഗത്തേക്ക് കടക്കും. ഇത് ക്യാന്‍സര്‍ മരുന്നുകളുടെ വില കുറക്കാനുകുമെന്ന് മന്ത്രി പറഞ്ഞു. ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ എണ്‍പത് ശതമാനം ഉയര്‍ത്തും. കാരുണ്യ പദ്ധതി തുടരും. പതിനായിരം നഴ്‌സുമാര്‍ക്ക് വിദേശ ജോലിക്ക് ക്രാഷ് കോഴ്‌സിന് വേണ്ടി അഞ്ചുകോടി  മാറ്റിവച്ചു.  മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50കോടി മാറ്റിവച്ചു.

5രൂപയ്ക്ക് ഊണിന് കുടുംബശ്രീയുടെ 1000 ഔട്ട്‌ലെറ്റുകള്‍ തുടങ്ങും.  20കോടി രൂപ ഇതിനായി മാറ്റിവച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.

പേട്ടയെ തൃപ്പൂണിത്തുറയുമായി ബന്ധിപ്പിച്ചു കൊണ്ടുളള നിര്‍ദിഷ്ട മെട്രോ പാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും. നിലവില്‍ തൈക്കൂടം വരെയാണ് സര്‍വീസ്. തൈക്കൂടത്തെ പേട്ടയുമായി ബന്ധിപ്പിച്ചുകൊണ്ടുളള പാതയുടെ വികസനം അടുത്ത് തന്നെ പൂര്‍ത്തിയാകും. ഇതിന്റെ തുടര്‍ച്ചയായി തൃപ്പൂണിത്തുറയുമായി ബന്ധിപ്പിച്ചു കൊണ്ടുളള നിര്‍ദിഷ്ട റെയില്‍പാത ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപിക്കുന്നത്.

കൊച്ചിയുടെ ഭരണസിരാകേന്ദ്രമായ കാക്കനാടിലൂടെ കടന്നുപോകുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഇന്‍ഫോപാര്‍ക്ക് പാതയുടെ വികസനം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. മെട്രോ വിപുലീകരണത്തിനായി 3025 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

തലസ്ഥാനനഗരമായ തിരുവനന്തപുരത്തെ കാസര്‍കോടുമായി ബന്ധിപ്പിച്ചു കൊണ്ടുളള അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍ പാത ബജറ്റില്‍ ഇടംപിടിച്ചു. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുളള നടപടികള്‍ക്ക് ഈ വര്‍ഷം തുടക്കമാകും. 1450 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന പദ്ധതിക്ക് രൂപം നല്‍കുമെന്ന് സംസ്ഥാന ബജറ്റ് നിര്‍ദേശിക്കുന്നു. മൂന്നുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കോവളത്തെ ബേക്കലുമായി ബന്ധിപ്പിച്ചു കൊണ്ടുളള ജലപാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കും. ഇതിനായി 682 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.കൊച്ചിയുടെ സമഗ്ര വികസനത്തിന് 6000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.  ഗതാഗത വികസനത്തിന് മാത്രം 239 കോടി രൂപ നീക്കിവെയ്ക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.