ഒരു കുട്ടി കൂടിയാല്‍ പുതിയ തസ്തിക എന്ന രീതി വേണ്ട, എല്ലാം സര്‍ക്കാര്‍ അറിഞ്ഞു മതി, കെഇആര്‍ ഭേദഗതി ചെയ്യും

By സമകാലിക മലയാളം ഡെസ്‌  |   Published: 07th February 2020 03:33 PM  |  

Last Updated: 07th February 2020 03:33 PM  |   A+A-   |  

SCHOOL_BUDGET

 

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഒരു കുട്ടി വര്‍ധിച്ചാല്‍ ഒരു തസ്തിക എന്ന സ്ഥിതി ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ അറിഞ്ഞേ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നുളളുവെന്ന് ഉറപ്പുവരുത്തുന്നതിനും കെഇആര്‍ ഭേദഗതി ചെയ്യുമെന്ന് സംസ്ഥാന ബജറ്റ്. യാതൊരു പരിശോധനകളും കൂടാതെ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ നിരവധി അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് ബജറ്റില്‍ പറയുന്നു.

വിദ്യാഭ്യാസ അവകാശ നിയമത്തെ തുടര്‍ന്ന് അധ്യാപക- വിദ്യാഭ്യാസ അനുപാതം ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ ഒരു അധ്യാപകന് 45 കുട്ടികള്‍ എന്നതില്‍ നിന്ന് 30 കുട്ടികളായി ചുരുങ്ങി. അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഇത് 35 കുട്ടികളാണ്. അതായത് ഈ അനുപാതത്തേക്കാള്‍ ഒരു കുട്ടി അധികം ഉണ്ടായാല്‍ പുതിയ തസ്തിക സൃഷ്ടിക്കാമെന്ന് വ്യാഖ്യാനവുമുണ്ടായി. ഉപജില്ലാ തലത്തില്‍ എഇഒ അംഗീകരിച്ചാല്‍ തസ്തികയായി എന്ന നില വന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളില്‍ പരിശോധന നടത്തിയേ തീരൂ. ഒരു കുട്ടി വര്‍ധിച്ചാല്‍ ഒരു തസ്തിക എന്ന സ്ഥിതി മാറ്റണം. സര്‍ക്കാര്‍ അറിഞ്ഞേ തസ്തികകള്‍ സൃഷ്ടിക്കാവൂ. ഇതിനുതകുന്ന രീതിയില്‍ കെഇആര്‍ ഭേദഗതി ചെയ്യുമെന്ന് ബജറ്റ് നിര്‍ദേശിക്കുന്നു.

ഈ സര്‍ക്കാരിന്റെ കാലത്ത് 17614 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. വളരെയേറെ പരിശോധനകള്‍ക്ക് ശേഷമാണ് ഈ തസ്തികകള്‍ക്ക് അനുവാദം നല്‍കിയത്. എന്നാല്‍ ഇങ്ങനെയൊരു പരിശോധനയോ സര്‍ക്കാരിന്റെ അറിവോ ഇല്ലാതെ 18119 തസ്തികകളാണ് സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ സൃഷ്ടിക്കപ്പെട്ടത്. 13255 പേര്‍ പ്രൊട്ടക്ടഡ് അധ്യാപകരായി തുടരുകയും ചെയ്യുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കെഇആര്‍ ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാര്‍ച്ച് മാസത്തിനുളളില്‍ 1000 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് ഇറക്കും. മുന്‍കാലങ്ങളില്‍ അനുവദിച്ച കോഴ്‌സുകള്‍ക്ക് ഇതുവരെ ആവശ്യമായ അധ്യാപക നിയമനം നടന്നിട്ടില്ല. ആഴ്ചയില്‍ 16 മണിക്കൂര്‍ അധ്യയനസമയം എന്ന മാനദണ്ഡം പാലിക്കാന്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ബജറ്റ് നിര്‍ദേശിക്കുന്നു.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതിയതായി 60 കോഴ്‌സുകള്‍ അനുവദിക്കും. കോഴ്‌സുകള്‍ക്ക് അര്‍ഹമായ കോളജുകളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. ഈ കോഴ്‌സുകളില്‍ അഞ്ചു വര്‍ഷം കഴിഞ്ഞേ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കൂ. അതുവരെ താല്‍ക്കാലിക, കരാര്‍ വ്യവസ്ഥയില്‍ അധ്യാപകരെ നിയമിച്ച് കോഴ്‌സുകള്‍ നടത്തണമെന്നും ബജറ്റില്‍ പറയുന്നു.ന്യൂ ജനറേഷന്‍- ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകളായിരിക്കും തുടങ്ങുക. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി 493 കോടി രൂപയും സാങ്കേതിക വിദ്യാഭ്യാസത്തിന് 210 കോടി രൂപയും വകയിരുത്തിയതായി ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഒന്നാകെ 19130 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. നിലവാരം  ഉയര്‍ത്തുന്നതിനും  അനുബന്ധ
വിദ്യാഭ്യാസ  പരിപാടികള്‍ക്കുള്ള  എല്ലാ സ്‌കീമുകളും  തുടരും. ഘട്ടം  ഘട്ടമായി  മുഴുവന്‍  സ്‌കൂളുകളിലും സൗേരാര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കും. പുതിയ കെട്ടിടങ്ങളില്‍  പുതിയ  ഫര്‍ണീച്ചറിനു വേണ്ടിയുള്ള  ഒരു  സ്‌കീമിനു  രൂപം നല്‍കുന്നതാണ്.  സ്‌കൂള്‍  യൂണിേഫാം  അലവന്‍സ് 400രൂപയില്‍ നിന്നും 600 രൂപയായി ഉയര്‍ത്തും. പ്രീ്രൈപമറി അധ്യാപകരുടെ അലവന്‍സ് 500രൂപ വര്‍ദ്ധിപ്പിക്കും.പാചകത്തൊഴിലാളികളുടെ  കൂലി  50  രൂപ ഉയര്‍ത്തുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.