ഓട്ടിസത്തെ മറികടന്ന സർ​ഗാത്മകത; കൃതിയിൽ തിളങ്ങി ഈ തുണിസഞ്ചികൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2020 06:38 PM  |  

Last Updated: 07th February 2020 06:38 PM  |   A+A-   |  

krithi

 

കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള എറണാകുളം ഓട്ടിസം ക്ലബ്ബിന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു. കടലാസ് പേനകളും തുണികൊണ്ടുള്ള ബാഗുകളുമടങ്ങിയ പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളാണ് ഇവർ അവതരിപ്പിച്ചിരിക്കുന്നത്. ബാക്ക്പാക്ക് മാതൃകയിലടക്കം ഡിസൈൻ ചെയ്തിട്ടുള്ള തുണികൊണ്ടുള്ള ബാഗുകൾക്ക് പ്രിയമേറുകയാണ്.

പ്ലാസ്റ്റിക് നിരോധനത്തിൽ ബദൽ മാർ​ഗ്​ഗം തേടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലിൽ ഈ തുണിസഞ്ചികൾ ആശ്വാസമാകുമെന്നുറപ്പ്. ഓട്ടിസം ബാധിച്ച കുട്ടികളും യുവാക്കളും രചിച്ച പുസ്തകങ്ങള്‍ ക്ലബ്ബിന്റെ സ്റ്റാളില്‍ ലഭ്യമാണ്. ഒപ്പം ഓട്ടിസ്റ്റിക് ആയ കുട്ടികളുടെ മാതാപിതാക്കളുടെ രചനകളും ഓട്ടിസത്തെക്കുറിച്ചുള്ള പുസ്തകങ്ങളും സ്റ്റാളിലുണ്ട്. ഇതോടെ എഴുത്തിലൂടെയും കലാപ്രവര്‍ത്തനങ്ങളിലൂടെയും ആശയങ്ങളെ ആവിഷ്‌കരിക്കാന്‍ മിടുക്കുള്ളവരാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ.

കൃതിയുടെ ഭാഗമായി ഓട്ടിസം ക്ലബ്ബ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയായ സ്‌പെക്ട്രം സ്‌പെക്ടക്കിള്‍ ഈ മാസം 15ന് നടക്കും. ഓട്ടിസം ബാധിതരായവര്‍ തന്നെ എഴുതി സംഗീതം ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് സ്‌പെക്ട്രം സ്‌പെക്ടക്കിളിലുണ്ടാവുകയെന്ന് ക്ലബ്ബ് അധികൃതര്‍ പറഞ്ഞു. രണ്ടാം തവണയാണ് ക്ലബ്ബ് കൃതിയില്‍ പങ്കാളികളാവുന്നത്.