ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തയാളുടെ മൂക്ക് ഇടിച്ച് തകര്‍ത്തുവെന്ന് വ്യാജ വീഡിയോ;രക്ഷകന്‍ ചമഞ്ഞ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

ട്രെയിനില്‍  ശല്യം ചെയ്തയാളില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചുവെന്ന് വ്യാജ വീഡിയോ പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു
ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തയാളുടെ മൂക്ക് ഇടിച്ച് തകര്‍ത്തുവെന്ന് വ്യാജ വീഡിയോ;രക്ഷകന്‍ ചമഞ്ഞ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു


കൊച്ചി: ട്രെയിനില്‍  ശല്യം ചെയ്തയാളില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചുവെന്ന് വ്യാജ വീഡിയോ പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. കെട്ടിച്ചമച്ച സംഭവം വിവരിച്ചുകൊണ്ടുള്ള സെല്‍ഫി വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഏവിയേഷന്‍ കോഴ്‌സിന് പഠിക്കുന്ന ചാലക്കുടി സ്വദേശി അലന്‍ തോമസ് (20) ആണ് പിടിയിലായത്.

എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ച് ട്രെയിനില്‍ യുവതിയെ അപമാനിച്ച മധ്യവയസ്‌കനെ കൈകാര്യം ചെയ്ത തന്നെ പൊലീസ് കേസില്‍ കുടുക്കുമെന്നായിരുന്നു ഇയാളുടെ വീഡിയോ സന്ദേശം. പെണ്‍കുട്ടിയെ ശല്യം ചെയ്ത മധ്യവയസ്‌കന്റെ മൂക്ക് താന്‍ ഇടിച്ചുതകര്‍ത്തു. സിഗ്‌നല്‍ കിട്ടാന്‍ തീവണ്ടി നിര്‍ത്തിയിട്ടതിനാല്‍ പെണ്‍കുട്ടി പേടിച്ച് ഇറങ്ങിപ്പോയി. മധ്യവയസ്‌കനെ റെയില്‍വേ പൊലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് തനിക്കെതിരേ വധശ്രമത്തിന് കേസെടുക്കുമെന്ന് പറഞ്ഞത്. നിജസ്ഥിതി തെളിയിക്കാന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടിക്കേ കഴിയൂവെന്നും അതുകൊണ്ട് ആ പെണ്‍കുട്ടി അറിയുന്നതുവരെ വീഡിയോ ഷെയര്‍ ചെയ്യണമെന്നും ഇയാള്‍ സെല്‍ഫി വീഡിയോയില്‍ ആവശ്യപ്പെട്ടു.

ഇത് വൈറലാകുകയും റെയില്‍വേ പൊലീസിന് വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തതിനെത്തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ ആളാകാനാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com