നാലു ശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ വായ്പ, എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്, 200 കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍; 'സ്ത്രീ കേന്ദ്രീകൃത ബജറ്റ്'

വനിതാ ക്ഷേമത്തിന് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി സംസ്ഥാന ബജറ്റ്
നാലു ശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ വായ്പ, എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്, 200 കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍; 'സ്ത്രീ കേന്ദ്രീകൃത ബജറ്റ്'

തിരുവനന്തപുരം: വനിതാ ക്ഷേമത്തിന് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി സംസ്ഥാന ബജറ്റ്. സ്ത്രീകള്‍ക്ക് മാത്രമായുളള ബജറ്റ് വിഹിതം 1509 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതോടെ സ്ത്രീ കേന്ദ്രീകൃത വിഹിതം 7.3 ശതമാനമായി ഉയര്‍ന്നു. മൊത്തം പ്രഖ്യാപനങ്ങളില്‍ 18.4 ശതമാനം സ്ത്രീകള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് തുടങ്ങും. സ്ത്രീകള്‍ക്ക് നാലുശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. കുടുംബശ്രീ വഴിയാണ് ഇത് നടപ്പാക്കുക.

20,000 ഏക്കറില്‍ ജൈവകൃഷി ആരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. 500 ടോയ്‌ലെറ്റ് കോംപ്ലക്‌സുകള്‍ തുടങ്ങും. കുടുംബശ്രീ 200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്നും സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

25രൂപയ്ക്ക് ഊണ് ലഭ്യമാക്കാന്‍ കുടുംബശ്രീ 1000 ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. 20കോടി രൂപ ഇതിനായി മാറ്റിവച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.അഗതികളും അശരണരുമായ എല്ലാവര്‍ക്കും ഒരു നേരത്തെയെങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് വിശപ്പു രഹിത കേരളം. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഇതര തൊഴിലുകള്‍ക്കായി 20 കോടി രൂപ നീക്കിവെച്ചതായും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ യൂണിഫോം അലവന്‍സ് 600 രൂപയാക്കി.പ്രീപ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും 500 രൂപ അധിക വേതനം നല്‍കാനും ബജറ്റ് നിര്‍ദേശിക്കുന്നു. മുസിരിസ് പൈതൃക പദ്ധതി ഈ വര്‍ഷം രാജ്യത്തിന് സമര്‍പ്പിക്കും. ആലപ്പുഴ നഗരത്തെ പൈതൃക നഗരമാക്കി പുനരുജ്ജീവിപ്പിക്കും. ക്ഷേത്ര പുനരുദ്ധാരണത്തിന് അഞ്ചുകോടി രൂപ വകയിരുത്തി. തത്ത്വമസി ഹെറിറ്റേജ് പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com