പഴങ്ങളില്‍ നിന്നു വൈന്‍, വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാര്‍ക്കിലും സജ്ജീകരണം; ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ് 

വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്‌കരണകേന്ദ്രത്തിന് 3 കോടി രൂപ നീക്കിവെച്ചു
പഴങ്ങളില്‍ നിന്നു വൈന്‍, വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാര്‍ക്കിലും സജ്ജീകരണം; ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ് 

തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്. ഫലവൃക്ഷ പച്ചക്കറി കൃഷി വ്യാപനത്തിന് ആയിരം കോടി രൂപ ചെലവഴിക്കും. ഹരിത കേരള മിഷന് ഏഴു കോടി രൂപ വകയിരുത്തുമെന്നും ബജറ്റില്‍ നിര്‍ദേശിക്കുന്നു. വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്‌കരണകേന്ദ്രത്തിന് 3 കോടി രൂപ നീക്കിവെച്ചു. വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാര്‍ക്കിലും പഴങ്ങളില്‍ നിന്നും വൈനുണ്ടാക്കാന്‍ സജ്ജീകരണം ഒരുക്കുമെന്നും ബജറ്റില്‍ നിര്‍ദേശിക്കുന്നു.

ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈകള്‍ വീതം വിതരണം ചെയ്യും. വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രണ്ട് റൈസ് പാര്‍ക്കുകള്‍ കൂടി കേരളത്തില്‍ വരും. പാലക്കാട്ടെ റൈസ് പാര്‍ക്ക് 2021ല്‍ പ്രവര്‍ത്തനസജ്ജമാക്കും. റബര്‍ പാര്‍ക്ക് വികസനത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കും. പാലുത്പാദനത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. ഡയറി ഫാമുകള്‍ക്ക് നാല്‍പ്പത് കോടി അനുവദിക്കുമെന്നും ബജറ്റില്‍ നിര്‍ദേശിക്കുന്നു.

നെല്‍കൃഷിക്ക് 118 കോടി രൂപയാണ് വകയിരുത്തിയത്. കോള്‍ മേഖലയിലും പൊക്കാളി കൃഷിക്കും പ്രത്യേകപദ്ധതികള്‍ നടപ്പാക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കുട്ടനാട് കുടിവെള്ളപദ്ധതിക്ക് 290 കോടി രൂപ നീക്കിവെയ്ക്കും. തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷത്തേക്ക് തുറന്നു വച്ച് കായല്‍ ശുദ്ധീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.

കയര്‍ കോര്‍പറേഷന്‍ കീഴില്‍ മൂന്ന് പുതിയ ഫാക്ടറികള്‍ ആരംഭിക്കും. വാളയാറില്‍ അന്താരാഷ്ട്രകമ്പനിയുടെ കീഴില്‍ ചകിരി ചോര്‍ കേന്ദ്രം തുടങ്ങുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. കൈത്തറി മേഖലയ്ക്ക് 153 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഇടുക്കിക്ക് മാത്രം പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചു.  ഇടുക്കിയില്‍ ജൈവകൃഷി വ്യാപിപ്പിക്കും .ഇടുക്കിയില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കും. പ്രളയനഷ്ടം കണക്കിലെടുത്ത് റോഡ് പദ്ധതികളില്‍ ഇടുക്കിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. കിഫ്ബിയില്‍ നിന്നും മാത്രമായി ഇടുക്കിക്ക് ആയിരം കോടിയുടെ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. ബ്രാന്‍ഡഡ് കാപ്പിയുടെ ഉത്പാദനം വയനാട്ടിലെ കിന്‍ഫ്രാ പാര്‍ക്കില്‍ ആരംഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com