പുറംചട്ടയില്‍ ഗാന്ധിവധം:ആനന്ദ് മുതല്‍ ടാഗോര്‍ വരെ; വര്‍ഗീയതക്കെതിരായ എഴുത്തുകളാല്‍ സമ്പന്നമായി ഐസക്കിന്റെ ബജറ്റ് പ്രസംഗം

ആമുഖത്തില്‍ ആനന്ദിനെ പറഞ്ഞു തുടങ്ങിയ ഐസക്, പിന്നീട് സമകാലീന എഴുത്തുകാരുടെ ഫാസിസത്തിന് എതിരെയുള്ള വാക്കുകള്‍ കൊണ്ട് പ്രസംഗം സമ്പന്നമാക്കി.
പുറംചട്ടയില്‍ ഗാന്ധിവധം:ആനന്ദ് മുതല്‍ ടാഗോര്‍ വരെ; വര്‍ഗീയതക്കെതിരായ എഴുത്തുകളാല്‍ സമ്പന്നമായി ഐസക്കിന്റെ ബജറ്റ് പ്രസംഗം

'അഭ്യസ്തവിദ്യരും ബൗദ്ധിക രംഗത്ത്  മുന്നില്‍  നില്‍ക്കുന്നതുമായ  ഒരുസമൂഹം  എങ്ങനെയാണ്‌ പെട്ടെന്ന്  ഒരു ജനതയുടെയാകെ നേരെയുള്ള വെറുപ്പിനാല്‍ ആവേശിക്കെപ്പടുകയും അവിശ്വസനീയമായ കുറ്റകൃത്യങ്ങളില്‍  ഏര്‍പ്പെടുകയും ചെയ്യുന്നത്?

പിണറായി വിജയന്‍ മന്ത്രിസഭയുടെ അഞ്ചാമത് ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു തുടങ്ങിയപ്പോള്‍ ആമുഖമായി പറഞ്ഞ വാക്കുകളാണ്;  'ഒരു  രാജ്യത്തിന്റെ  മുന്നിലെ  പഥങ്ങള്‍' എന്ന ആനന്ദിന്റെ ലേഖനത്തില്‍നിന്ന്.

194 പേജുള്ള മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന്റെ കവറായി ചേര്‍ത്തത് ടോം വട്ടക്കുഴിയുടെ പ്രസിദ്ധമായ 'ഡെത്ത് ഓഫ് ഗാന്ധി' എന്ന പെയിന്റിങ്ങാണ്.  ഗാന്ധി വെടിയേറ്റു കിടക്കുന്ന പെയിന്റിങ് കവറായി ചേര്‍ത്തതിലൂടെ വര്‍ഗീയതയ്ക്ക് എതിരെ ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളുടെ തുറന്നുകാട്ടലായി ഇത്.

ആമുഖത്തില്‍ ആനന്ദിനെ പറഞ്ഞു തുടങ്ങിയ ഐസക്, പിന്നീട് സമകാലീന എഴുത്തുകാരുടെ ഫാസിസത്തിന് എതിരെയുള്ള വാക്കുകള്‍ കൊണ്ട് പ്രസംഗം സമ്പന്നമാക്കി.

പൗരത്വ നിയമഭേദഗതിയും ദേശീയ  പൗരത്വ  രജിസ്റ്ററും രാജ്യത്ത് പടര്‍ത്തുന്ന ആശങ്ക വാക്കുകള്‍ക്കതീതമാണ് എന്ന് സൂചിപ്പിക്കാന്‍ ധനമന്ത്രി കടമെടുത്തത് വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിെല ദ്രുപത് ഗൗതം കുറിച്ചിട്ട 'ഭയം ഒരു രാജ്യമാണ് അവിടെ നിശ്ശബ്ദത  ഒരു(ആ)ഭരണമാണ്' എന്ന തീഷ്ണമായ വാക്കുകള്‍.

കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും എതിരെയുള്ള കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നിറഞ്ഞു നിന്ന പ്രസംഗത്തില്‍ അന്‍വര്‍ അലിയും പി എന്‍ ഗോപീകൃഷ്ണനും റഫീഖ് അഹമ്മദും വരികളായി കടന്നുവന്നു.

'മുല്ലപ്പൂ നിറമുള്ള പകലുകള്‍' എന്ന നോവലില്‍ 'ഫ്രീഡം' എന്ന അധ്യായത്തില്‍  ബെന്ന്യാമിന്‍ കുറിച്ച 'ഉച്ച  കഴിഞ്ഞ്  മൂന്നു  മണിയായപ്പോഴേക്കും ജനങ്ങള്‍ തെരുവിലൂടെ പതിയെപ്പതിയെ ഒഴുകാന്‍  തുടങ്ങി...ചിലര്‍  രാജ്യത്തിന്റെ ദേശീയ  പതാകയും  ചിലര്‍  സമാധാനത്തിന്റെ വെള്ളക്കൊടിയും പിടിച്ചിട്ടുണ്ടായിരുന്നു. ചിലരാകട്ടെ, ദേശീയപതാക പുതച്ചുകൊണ്ടാണ് നടന്നത്. ഈ  രാജ്യം  മറ്റാരുടേതുമല്ല, ഞങ്ങളുടെ സ്വന്തമാണ്  എന്ന  സന്ദേശമാണ്  അവര്‍ അതിലൂെട  നല്‍കിയത്'. എന്ന വരികളാണ് റിപ്പബ്ലിക് ദിനത്തില്‍ എല്‍ഡിഎഫ് നടത്തിയ മനുഷ്യച്ചങ്ങലയെക്കുറിച്ച് സൂചിപ്പിക്കാന്‍ ധനമന്ത്രി പ്രയോഗിച്ചത്.

'വ്യത്യാസങ്ങള്‍  മാറ്റിവെച്ച്,  എല്‍ഡിഎഫും യുഡിഎഫും  ഒരുമിച്ച്  പൗരത്വ  നിയമ ഭേദഗതിക്കെതിരെ  സംയുക്ത  സമരം സംഘടിപ്പിച്ചത് മറ്റു സംസ്ഥാനങ്ങള്‍ക്കൊരു വിസ്മയമായിരുന്നു. മുഖ്യമ്രന്തിയും പ്രതിപക്ഷ നേതാവും  ഒരേ  സമരപ്പന്തലില്‍ സത്യഗ്രഹമിരുന്നത്  രാജ്യത്തിനാകെ  ആവേശം പകര്‍ന്ന സന്ദേശമായിരുന്നു. തുടര്‍ന്ന്  ഈ  വര്‍ഗീയ ഭേദഗതിക്കെതിെര  ഏകകണ്ഠമായി കേരള നിയമസഭ  നിയമം  പാസാക്കി. കേന്ദ്രസര്‍ക്കാരിനെതിെര സുപ്രീംകോടതിയില്‍ ആര്‍ട്ടിക്കിള്‍  130പ്രകാരം കേസു കൊടുത്തേപ്പാഴും നാം ഒറ്റെക്കട്ടായിരുന്നു.'- ഐസക് പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു.

രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ വരികള്‍  ഉദ്ധരിച്ചാണ് അദ്ദേഹം രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന തന്റെ പതിനൊന്നാം ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്:
എവിടെ മനം ഭയശൂന്യം
എവിടെ ശീര്‍ഷമനീതം
എവിടെ സ്വതന്ത്രം ജ്ഞാനം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com