പൊതുവഴി കയ്യേറി സ്വകാര്യ ഭൂമിയാക്കി; എതിര്‍ത്തവര്‍ക്ക് ഭീഷണിയും കേസും:തച്ചങ്കരിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി കോര്‍പ്പറേഷന്‍ റോഡ് കയ്യേറി സ്വകാര്യ ഭൂമിയാക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ തടയുന്നു എന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി
പൊതുവഴി കയ്യേറി സ്വകാര്യ ഭൂമിയാക്കി; എതിര്‍ത്തവര്‍ക്ക് ഭീഷണിയും കേസും:തച്ചങ്കരിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി: ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി കോര്‍പ്പറേഷന്‍ റോഡ് കയ്യേറി സ്വകാര്യ ഭൂമിയാക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ തടയുന്നു എന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി. എറണാകുളം കൂത്താപ്പാടി ഈസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷനാണ് പരാതി നല്‍കിയിരിക്കുന്നത്.

റോഡ് നവീകരണത്തിന് ശ്രമിച്ച നാട്ടുകാരെ പൊലീസിനെ ഉപയോഗിച്ചു തടയുകയും കേസ് കൊടുക്കുകയും ചെയ്ത സംഭവം സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പന്ത്രണ്ട് വര്‍ഷം മുമ്പ് റോഡ് തച്ചങ്കരി അടച്ചുകെട്ടി. പൊതുവഴി അടച്ചുകെട്ടിയത്, ജനങ്ങള്‍ സംഘടിച്ച് പൊളിച്ചുനീക്കി. പതിറ്റാണ്ടുകളായി പൊതുവഴിയായി ഉപയോഗിച്ചുകൊണ്ടിരുന്ന റോഡ് സ്വകാര്യ വഴിയാണെന്ന് കാട്ടി തച്ചങ്കരി എറാണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചു. മുന്‍സിഫ് കോടതി നിയോഗിച്ച കമ്മീഷന്‍ വഴി പൊതുറോഡാണ് എന്ന് വിധിച്ചു.

ഇതിനെതിരെ ജില്ലാ കോടതിയെ സമീപിച്ചപ്പോഴും പൊതുറോഡാണ് എന്നായിരുന്നു വിധി. അന്നുമുതല്‍ റോഡ് നവീകരിക്കാനുള്ള നഗരസഭയുടെ ശ്രമം തച്ചങ്കരി തടസ്സപ്പെടുത്തുകയാണെന്ന് പരാതിയില്‍ പറയുന്നു.

രണ്ടുമാസം മുമ്പ് നഗഗരസഭ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെട്ട ഈ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ കോണ്‍ട്രാക്ടറെ തച്ചങ്കരി ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് നളന്ദ ലിങ്ക് റോഡ് മാത്രം നിര്‍മ്മിക്കാതെ കോണ്‍ട്രാക്ടര്‍ മടങ്ങിയെന്നും പരാതിയില്‍ പറയുന്നു. പാതിവഴിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം അവസാനിപ്പിച്ച കോണ്‍ട്രക്ടറെ ഡിവിഷന്‍ കൗണ്‍സിലര്‍ സമീപിച്ചപ്പോഴാണ്, ഭീഷണിയുടെ കാര്യം നാട്ടുകാര്‍ അറിഞ്ഞതെന്നും പരാതിയിലുണ്ട്.

ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി ഒന്നാംതീയതി സ്വന്തം നിലയ്ക്ക് റോഡ് നവീകരിക്കാന്‍ തീരൂമാനിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ പാവാരിവട്ടം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പൊലീസെത്തി തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം കണ്ടാലറിയുന്ന നാല്‍പ്പതോളം ആളുകള്‍ക്ക് എതിരെ കേസെടുത്തു. അന്നുമുതല്‍ പതിനഞ്ചോളം പൊലീസ് ഉദ്യോഗസ്ഥര്‍ ഈ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രാപകല്‍ ക്യാമ്പ് ചെയ്യുകയാണ്- പരാതിയില്‍ പറയുന്നു.

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നാണ് പാലീസ് ന്യായം. എന്നാല്‍  ഈ കേസില്‍ കക്ഷിയായ തങ്ങള്‍ക്ക് അങ്ങനെയൊരു അറിവില്ലെന്നും ജില്ലാ കോടതി ചിലവ് സഹിതം തള്ളിയ കേസ്, ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

കോടതി പൊതു റോഡാണെന്ന് വിധിച്ച റോഡ് സഞ്ചാര യോഗ്യമാക്കാനുള്ള നീക്കം തച്ചങ്കരി എഡിജിപിയുടെ പദവി ദുരുപയോഗം ചെയ്ത് തടയുകയാണെന്നും പരാതിയില്‍ പറയുന്നു. സിവില്‍ കേസില്‍ പൊലീസ് ഇടപെട്ടുകൂടാ എന്ന ചട്ടം നിലനില്‍ക്കെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും നടപടി സ്വീകരിത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

ഭാര്യ അനിതയുടെയും മറ്റു ചിലരുടെയും പേരിലാണ് അഞ്ചേക്കറോളം ഭൂമി തച്ചങ്കരി വാങ്ങിയത്. ഇവിടം കച്ചവടസ്ഥാപനങ്ങള്‍ക്കും മറ്റും വാടകയ്്ക്ക് കൊടുത്തിരിക്കുകയാണ്. കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കാനയിലേക്ക് ഒഴുക്കി വിടുന്നതിനാല്‍ അടുത്തുള്ള നളന്ദ പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ക്ക് സ്വസ്ഥമായി പഠിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com