പൊളിച്ചുകൊണ്ടുപോയത് എട്ടു വാതിലുകള്‍,10 ജനാല, അലമാര; നാടിനെ അങ്കലാപ്പിലാക്കി 'ഒറിജനല്‍ ക്രേസി ഗോപാലന്‍'; പരാതി

എട്ടു വാതിലുകള്‍,10 ജനാല,രണ്ടു കട്ടില്‍,അലമാര, മച്ചിലെ തടികള്‍ എന്നിവയാണ് പ്രധാനമായും മോഷണം പോയത്
പൊളിച്ചുകൊണ്ടുപോയത് എട്ടു വാതിലുകള്‍,10 ജനാല, അലമാര; നാടിനെ അങ്കലാപ്പിലാക്കി 'ഒറിജനല്‍ ക്രേസി ഗോപാലന്‍'; പരാതി

തിരുവനന്തപുരം: കള്ളനെ പേടിച്ച് വീട് പൂട്ടിപോകാമെന്ന് കരുതിയാലും രക്ഷയില്ല. പൂട്ടുന്ന വാതിലുള്‍പ്പെടെ പൊളിച്ചുകൊണ്ടുപോകുന്ന 'ക്രേസി ഗോപാലന്' പിന്നിലാണ് പൊലീസ്.ആള്‍താമസമില്ലാത്ത വീട്ടിന്റെ വാതിലുകളും ജനാലകളും ഇളക്കി മാറ്റി ഉള്ളിലുണ്ടായിരുന്ന ഫര്‍ണിച്ചറും മുകളില്‍ പാകിയിരുന്ന ഓടുമാണ് ഇത്തവണ മോഷ്ടിച്ചത്. ഉടമസ്ഥന്‍ അറിയുന്നത്, പഴയ ഫര്‍ണിച്ചര്‍ വില്‍ക്കുന്ന കടയില്‍ സ്വന്തം വീട്ടിലെ ഉപകരണങ്ങള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടപ്പോള്‍. 

നാവായിക്കുളം എസ്.കെ.മന്‍സിലില്‍ സി.രാകേഷിന്റെ കരവാരം പറക്കുളം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് മോഷണം. എട്ടു വാതിലുകള്‍,10 ജനാല,രണ്ടു കട്ടില്‍,അലമാര, മച്ചിലെ തടികള്‍ എന്നിവയാണ് പ്രധാനമായും മോഷണം പോയത്.വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുള്ളതിനാല്‍ ഒന്നര വര്‍ഷമായി നാവായിക്കുളത്ത് വാടക വീട്ടിലാണ് താമസമെന്ന് രാകേഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

ഒരാഴ്ചയ്ക്കു മുന്‍പ് നാവായിക്കുളത്തെ പഴയ ഫര്‍ണിച്ചറുകള്‍ വില്‍ക്കുന്ന കടയില്‍ ഇദ്ദേഹത്തിന്റെ വീട്ടിലുള്ളതു പോലുള്ള ഫര്‍ണിച്ചര്‍  വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്നും മോഷണം പോയ അതേ സാധനങ്ങളാണ് കടയില്‍ കണ്ടതെന്ന് ബോധ്യമായത്. മോഷണ മുതലാണെന്ന് കടക്കാരും അറിഞ്ഞിരുന്നില്ല. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പരാതിയില്‍ പറയുന്നു. അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com