രമ്യാ നമ്പീശനെ വിസ്തരിച്ചു; ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍

രമ്യാ നമ്പീശനെ വിസ്തരിച്ചു; ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍

ദിലീപ് ഒഴികെയുള്ള 9 പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിലാണു ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത്. കേസിലെ പ്രതി നടന്‍ ദിലീപിന്റെ ഹര്‍ജിയിലാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. 

റിപ്പോര്‍ട്ട് ദിലീപിന്റെ അഭിഭാഷകനു കൈമാറി. കേസിലെ മുഖ്യസാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദേശിച്ചു. ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രം ക്രോസ് വിസ്താരം നടത്താന്‍ ദിലീപിന്റെ അഭിഭാഷകനെ കോടതി അനുവദിച്ചിരുന്നു. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പു ലഭിക്കാന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളിയ സുപ്രീംകോടതി ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അനുവാദം നല്‍കിയിരുന്നു. 

ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും വരെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കാനായി ദിലീപ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ട് വേഗത്തില്‍ നല്‍കാന്‍ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിനു കോടതി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് ലഭിക്കും വരെ ക്രോസ് വിസ്താരം താമസിപ്പിക്കാന്‍ പ്രതിഭാഗത്തിനും അവസരം നല്‍കി.

കേസിലെ നിര്‍ണായക സാക്ഷിയായ നടി രമ്യാ നമ്പീശനെ കോടതി ഇന്നലെ വിസ്തരിച്ചു. നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ ജീവനക്കാരന്‍ സുജിത്ത്, രമ്യയുടെ സഹോദരന്‍ രാഹുല്‍ എന്നിവരെയും ഇന്നലെ വിസ്തരിച്ചു. ഇന്നലെ വിസ്താരത്തിനു ഹാജരാകേണ്ടിയിരുന്ന പി.ടി.തോമസ് എംഎല്‍എ, സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ അവധി അപേക്ഷ നല്‍കി വിട്ടുനിന്നു. ദിലീപ് ഒഴികെയുള്ള 9 പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായി. വിസ്താരം 12 നു തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com