ലോട്ടറി ടിക്കറ്റിന് സമ്മാനം അടിച്ചു എന്ന് കേട്ട് ഓടിച്ചെന്നിട്ട് മാത്രം കാര്യമില്ല!; തുക കിട്ടണമെങ്കില്‍ 'ഇത് കൂടി തെളിയണം'

സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് നമ്പര്‍ ലോട്ടറി ഓഫീസിലെ സിസ്റ്റത്തില്‍ തെളിയുന്നില്ല എന്ന് കാണിച്ച് ടിക്കറ്റ് മടക്കി നല്‍കി
ലോട്ടറി ടിക്കറ്റിന് സമ്മാനം അടിച്ചു എന്ന് കേട്ട് ഓടിച്ചെന്നിട്ട് മാത്രം കാര്യമില്ല!; തുക കിട്ടണമെങ്കില്‍ 'ഇത് കൂടി തെളിയണം'

കട്ടപ്പന: സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചാലും ടിക്കറ്റിലെ ബാര്‍കോഡ് തെളിഞ്ഞില്ലെങ്കില്‍ ഭാഗ്യം നഷ്ടപ്പെടും. സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് നമ്പര്‍ ലോട്ടറി ഓഫീസിലെ സിസ്റ്റത്തില്‍ തെളിയുന്നില്ല എന്ന് കാണിച്ച് ടിക്കറ്റ് മടക്കി നല്‍കി.

ഇടുക്കി കട്ടപ്പനയിലാണ് സംഭവം.സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ജനുവരി 20ന് നടന്ന നറുക്കെടുപ്പില്‍ എസ്എ, എസ്ബി, എസ് സി, എസ്ഡി, എസ്എഫ്, എസ്ജി, എസ്എച്ച്, എസ്‌ജെ, എസ്‌കെ, എസ്എല്‍, എസ്എം എന്നീ 12 സീരിയലില്‍ വരുന്ന 967160 എന്ന ടിക്കറ്റിന് 100 രൂപ വീതം സമ്മാനം ലഭിച്ചു.   

ഇടുക്കി കട്ടപ്പന ലോട്ടറി ഓഫിസില്‍ 12 ടിക്കറ്റുകളും ഹാജരാക്കി. 11 ടിക്കറ്റുകള്‍ക്ക് സമ്മാന തുക നല്‍കി പക്ഷേ എസ് സി 967160 എന്ന നമ്പറില്‍ വരുന്ന ടിക്കറ്റിനു സമ്മാനം നല്‍കാന്‍ കഴിയുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് നമ്പര്‍ ലോട്ടറി ഓഫിസിലെ സിസ്റ്റത്തില്‍ തെളിയുന്നില്ല എന്നതാണ് കാരണമായി പറഞ്ഞത്.  പാമ്പനാര്‍ റാണികോവില്‍ സ്വദേശി മുരുകേശന്‍ വണ്ടിപ്പെരിയാറ്റിലെ ലക്കി സെന്ററില്‍ നിന്നാണ് 12 ടിക്കറ്റുകളും എടുത്തത്.

നമ്പര്‍ പിശക് സംബന്ധിച്ചു ഏജന്‍സിയില്‍ അന്വേഷിച്ചപ്പോള്‍ ടിക്കറ്റ് മടക്കി നല്‍കിയാല്‍ തുക നല്‍കാം എന്നായിരുന്നു മറുപടി. ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബാര്‍കോഡ് തെളിയാത്തത് മൂലം ആണ് ടിക്കറ്റിനു സമ്മാനം നല്‍കാന്‍ കഴിയാത്തത് എന്ന് ലോട്ടറി ഓഫിസര്‍ പറഞ്ഞു.  അച്ചടി സമയത്ത് ഉണ്ടായ പിശക് മൂലം  ബാര്‍ കോഡ് മറഞ്ഞതാകാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു . എന്നാല്‍  നിയമ നടപടിക്കൊരുങ്ങുകയാണു ഭാഗ്യക്കുറിയുടെ ഉടമസ്ഥന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com