വിമാനത്താവളത്തിന് ചുറ്റും വിജനം; കടകളെല്ലാം അടഞ്ഞുകിടക്കുന്നു; എടിഎം ഉപയോഗശൂന്യം; ചൈനയില്‍ നിന്ന് കൊച്ചിയിലെത്തിയത് യാതനാ പര്‍വം കടന്ന്; വിദ്യാര്‍ഥികള്‍ പറയുന്നു

14 ദിവസം വീടിനുള്ളില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്
വിമാനത്താവളത്തിന് ചുറ്റും വിജനം; കടകളെല്ലാം അടഞ്ഞുകിടക്കുന്നു; എടിഎം ഉപയോഗശൂന്യം; ചൈനയില്‍ നിന്ന് കൊച്ചിയിലെത്തിയത് യാതനാ പര്‍വം കടന്ന്; വിദ്യാര്‍ഥികള്‍ പറയുന്നു

കൊച്ചി: കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ കുമിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു. പതിനഞ്ച് വിദ്യാര്‍ഥികളെയാണ് വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ചത്. ബാങ്കോക്ക് വഴിയാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കെത്തിച്ചത്. 

മെഡിക്കല്‍ പരിശോധനകള്‍ക്കായി വിദ്യാര്‍ഥികളെയെല്ലാം വിമാനത്താവളത്തില്‍നിന്ന് നേരെ കളമശേരി മെഡിക്കല്‍ കോളേജിലേക്കാണ് എത്തിച്ചത്. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം എല്ലാ വിദ്യാര്‍ഥികളെയും വീടുകളിലേക്ക് വിട്ടയക്കുകയും ചെയ്തു. അതേസമയം 14 ദിവസം വീടിനുള്ളില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദേശ വിമാന സര്‍വീസുകളെല്ലാം ഇവരെ ആദ്യം കയ്യൊഴിഞ്ഞെങ്കിലും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്നാണ് യാത്രയ്ക്ക് അവസരമൊരുങ്ങിയത്. കൊച്ചിയിലേക്ക് പോരാന്‍ ടിക്കറ്റുമായെത്തിയെങ്കിലും അവസാന നിമിഷം വിമാനക്കമ്പനി പിന്‍മാറിയതിനെ തുടര്‍ന്നാണ് ചൈനയിലെ കുമിങ് വിമാനത്താവളത്തില്‍ വിദ്യാര്‍ഥികള്‍ രണ്ട് ദിവസം കുടുങ്ങിയത്. 

ഇക്കഴിഞ്ഞ രണ്ടിന് എത്തേണ്ടതായിരുന്നു ഇവരെന്ന് മടങ്ങിയെത്തിവരുടെ ബന്ധുക്കള്‍ പറഞ്ഞു. സംഘത്തില്‍ ചിലരുടെ വിസ ലഭിക്കാന്‍ താമസിച്ചതുമൂലം ഉദ്ദേശിച്ച സമയത്ത് മടങ്ങാനായില്ല. അതോടെ യാത്ര പരിപാടികള്‍ തകിടം മറിഞ്ഞു. 3നാണ് വിസ ലഭിച്ചത്. വ്യാഴാഴ്ചയാണ് ടിക്കറ്റ് ലഭിച്ചത്. 

വ്യഴാഴ്ച പുലര്‍ച്ചെ വിമാനക്കമ്പനിയില്‍ വിളിച്ചുചോദിച്ച ശേഷമാണ് ഇവര്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്. 400 കിലോ മീറ്റര്‍ ബുളളറ്റ് ട്രയിന്‍ യാത്ര ചെയ്തു വിമാനത്താവളത്തിലെത്തി. ബോര്‍ഡിങ്ങിന് തൊട്ടുമുന്‍പാണ് വിമാനക്കമ്പനി യാത്ര നിഷേധിച്ചത്. പണം മടക്കി നല്‍കിയതുമില്ല. മറ്റ് വിമാനക്കമ്പനികളും ടിക്കറ്റ് നിഷേധിച്ചു. പുറത്തിറങ്ങിയതിനാല്‍ പിന്നെ ഹോസ്റ്റലിലേക്കും പ്രവേശിപ്പിക്കില്ല. സ്വന്തം ഉത്തരവാദിത്താല്‍ മടങ്ങുന്നുവെന്ന് എഴുതിക്കൊടുത്താണ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്. വിജനമായ പ്രദേശമായിരുന്നു വിമാനത്താവളത്തിനുചുറ്റും. കടകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. എടിഎം ഉപയോഗിക്കാനാവാത്തതിനാല്‍ ഭക്ഷണത്തിനും മറ്റും ഏറെ ബുദ്ധിമുട്ടി. 

ഒടുവില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിനകത്തു വിശ്രമിക്കാന്‍ അനുവദിച്ചതത് തുണയായി. ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നിന് പുറപ്പെട്ടു.തായ് എയര്‍ ഏഷ്യാ വിമാനത്തില്‍ രാത്രി പതിനൊന്നിന് കൊച്ചിയിലിറങ്ങി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com