'ആ വിരട്ടല്‍ വേണ്ട', എയ്ഡഡ് സ്‌കൂളുകള്‍ വാടകയ്ക്ക് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍: മാനേജ്‌മെന്റുകള്‍ക്ക് താക്കീതുമായി പിണറായി

അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്ന സര്‍ക്കാരിന് വാടക ബുദ്ധിമുട്ടല്ല എന്നും പിണറായി വിജയന്‍
'ആ വിരട്ടല്‍ വേണ്ട', എയ്ഡഡ് സ്‌കൂളുകള്‍ വാടകയ്ക്ക് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍: മാനേജ്‌മെന്റുകള്‍ക്ക് താക്കീതുമായി പിണറായി

ആലപ്പുഴ: സ്‌കൂളുകളില്‍ ഒരു കുട്ടി വര്‍ധിച്ചാല്‍ ഒരു തസ്തിക എന്ന സ്ഥിതി ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ അറിഞ്ഞേ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നുളളുവെന്ന് ഉറപ്പുവരുത്തുന്നതിനും കെഇആര്‍ ഭേദഗതി ചെയ്യുമെന്ന ബജറ്റ് നിര്‍ദേശത്തെ വിമര്‍ശിച്ച സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി സ്‌കൂള്‍ നടത്താനാകില്ലെന്നും ഏറ്റെടുത്തോളൂ എന്നുമുളള ചില മാനേജ്‌മെന്റുകളുടെ വിരട്ടല്‍ വേണ്ടെന്ന് പിണറായി വിജയന്‍ താക്കീത് നല്‍കി. ആവശ്യമെങ്കില്‍ എയ്ഡഡ് സ്‌കൂളുകള്‍ വാടകയ്ക്ക് ഏറ്റെടുക്കാന്‍ സര്‍്ക്കാര്‍ തയ്യാറാണ്. അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്ന സര്‍ക്കാരിന് വാടക ബുദ്ധിമുട്ടല്ല എന്നും പിണറായി വിജയന്‍ പറഞ്ഞു.

യാതൊരു പരിശോധനകളും കൂടാതെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിരവധി അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് കൂടുതല്‍ ഇടപെടാന്‍ അധികാരം നല്‍കി കെഇആര്‍ പരിഷ്‌കരിക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെ ചില മാനേജ്‌മെന്റുകള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ മുന്നറിയിപ്പ്.

'സ്‌കൂള്‍ നടത്താനാകില്ല, ഏറ്റെടുത്തോളൂ എന്ന് ചില മാനേജ്‌മെന്റുകള്‍ വിരട്ടുന്നു. ആ വിരട്ടല്‍ വേണ്ട. തെറ്റായ രീതിയില്‍ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്തം ഉണ്ട്. എല്ലാ സര്‍ക്കാര്‍ എയ്ഡഡ് മാനേജ്‌മെന്റുകളെ അവിശ്വസിക്കുന്നില്ല. കച്ചവട താല്‍പര്യമുളള ചിലരെ മാത്രം ലക്ഷ്യമിട്ടാണ് ബജറ്റ് നിര്‍ദേശം.'- എന്നിങ്ങനെയാണ് പിണറായി വിജയന്റെ വാക്കുകള്‍.

'എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിര്‍ദ്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എയ്ഡഡ് സ്‌കൂളുകള്‍ നടത്തി കൊണ്ട് പോകാന്‍ പറ്റില്ല എന്നു ചില മാനേജ്‌മെന്റുകള്‍ പറയുന്നത് കേട്ടു. മാനേജ്‌മെന്റുകള്‍ മൊത്തത്തില്‍  കൊള്ളരുതായ്മ കാണിക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. പുതിയ നിയമനങ്ങള്‍ സംബന്ധിച്ചു മാത്രമാണ് ബജറ്റ് നിര്‍ദേശം .അത് കച്ചവടം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണ്'-മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

പൊതുവിദ്യാഭ്യസത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല. സര്‍ക്കാര്‍ എയ്ഡഡ് മാനേജ്‌മെന്റുകളെ അവിശ്വസിക്കുന്നില്ല. എന്നാല്‍ തെറ്റായ രീതിയില്‍ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഴിവിട്ട് പ്രവര്‍ത്തിക്കുന്ന ചില മാനേജ്‌മെന്റുകള്‍ ഉണ്ട്. അവരെ തിരുത്തുന്നതിനാണ് സര്‍ക്കാര്‍ പരിശോധന വേണമെന്ന് പറയുന്നത്. പുതിയ ഡിവിഷനും തസ്തികയും സൃഷ്ടിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ അറിയണം. ഇത്തരത്തില്‍ നിര്‍ദ്ദേശം വയ്ക്കുമ്പോള്‍ ചില മാനേജ്‌മെന്റുകള്‍ നടത്തുന്ന പ്രതികരണങ്ങള്‍ ശരിയാണോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com