തീവ്രവാദ പ്രവര്‍ത്തനത്തിന് പണത്തിനായി വാഹനങ്ങള്‍ മോഷ്ടിച്ച് കടത്തി ; തട്ടിയെടുത്തത് മുന്‍ എസ്‌ഐയുടേത് ഉള്‍പ്പെടെ 86 എണ്ണം ; രണ്ടുപേര്‍ പിടിയില്‍

പിടിയിലായവര്‍ അല്‍ഉമ എന്ന തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് പൊലീസ് അറിയിച്ചു
തീവ്രവാദ പ്രവര്‍ത്തനത്തിന് പണത്തിനായി വാഹനങ്ങള്‍ മോഷ്ടിച്ച് കടത്തി ; തട്ടിയെടുത്തത് മുന്‍ എസ്‌ഐയുടേത് ഉള്‍പ്പെടെ 86 എണ്ണം ; രണ്ടുപേര്‍ പിടിയില്‍


കോട്ടയം: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍നിന്ന് ആഢംബര വാഹനങ്ങള്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി. തൃശ്ശൂര്‍ വാടാനപ്പള്ളി ഗണേശമംഗലം പുത്തന്‍വീട്ടില്‍ ഇല്യാസ് (37), എറണാകുളം ആലുവ യുസി കോളേജ് ചെറിയംപറമ്പില്‍ വീട്ടില്‍ കെ.എ നിഷാദ് (37) എന്നിവരാണ് അറസ്റ്റിലായത്. ആലുവയില്‍ നിന്നും തിരുവല്ലയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. പിടിയിലായവര്‍ അല്‍ഉമ എന്ന തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിലകൂടിയ കാറുകള്‍ വാടകയ്‌ക്കെടുത്തശേഷം തമിഴ്‌നാട്ടിലെത്തിച്ച് തീവ്രവാദികള്‍ക്ക് കൈമാറുകയായിരുന്നു ഇവരുടെ രീതി. സംഘടനയുടെ പ്രവര്‍ത്തനത്തിന് പണത്തിനായാണ് പ്രതികള്‍ വാഹനങ്ങള്‍ തട്ടിയെടുത്തിരുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ച കോയമ്പത്തൂര്‍ കുനിയമ്മുത്തൂര്‍ സ്വദേശി മുഹമ്മദ് റഫീഖിനാണ് (ഭായി റഫീഖ്) പ്രതികള്‍ പ്രധാനമായും കാറുകള്‍ എത്തിച്ചുനല്‍കിയിരുന്നത്.

പ്രതികള്‍ 86 വാഹനങ്ങള്‍ ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഒന്നാം പ്രതി മുഹമ്മദ് റഫീഖിനെ പിടികൂടാന്‍ പൊലീസ് തമിഴ്‌നാട്ടിലെ ഉക്കടത്ത് എത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയുടെ താവളത്തിലെത്തി പിടികൂടാന്‍ പ്രയാസമാണെന്നായിരുന്നു  തമിഴ്‌നാട് പൊലീസിന്റെ നിലപാട്. തമിഴ്‌നാട്ടിലെത്തിക്കുന്ന വാഹനങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 11 കാറുകളാണ് വാടകയ്‌ക്കെടുത്ത് തമിഴ്‌നാട്ടിലേക്ക് കടത്തിയത്. 10,000 മുതല്‍ 30,000 രൂപ വരെ വാടകയായി നിശ്ചയിച്ച് മൂന്നുമാസത്തേക്കാണ് കാറുകള്‍ വാടകയ്ക്ക് വാങ്ങുന്നത്. ആരുടെയെങ്കിലും പേരില്‍ നിര്‍മ്മിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിയാണ് കാര്‍ വാടകയ്ക്ക് വാങ്ങുന്നത്. എറണാകുളം, കോഴിക്കോട്, മലപ്പുറം, അങ്ങാടിപ്പുറം, നെടുമ്പാശ്ശേരി, കോട്ടയം, വര്‍ക്കല, തൃശൂര്‍, മാള, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രതികള്‍ വാഹനങ്ങള്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.

വാഹനങ്ങള്‍ തട്ടിയെടുക്കാന്‍ ഓരോ തവണയും ഫോണ്‍ നമ്പറുകള്‍ മാറിമാറിയാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. മാസങ്ങള്‍ക്കു മുന്‍പ് കോട്ടയം ജില്ലയില്‍നിന്ന് ഇന്നോവ ക്രിസ്റ്റ വാഹനം ഇത്തരത്തില്‍ വാടകയ്‌ക്കെടുത്ത് തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയിരുന്നു. സംഭവത്തില്‍ വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com