ബസ് തടഞ്ഞതിൽ രോഷം, വിദ്യാർത്ഥികൾക്ക് നേരെ  ഓടിച്ചു കയറ്റി ഡ്രൈവറുടെ പരാക്രമം, ജീവന് വേണ്ടി തൂങ്ങിപ്പിടിച്ച് കിടന്നു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നിര്‍ത്താതെ പോയ ബസ് തടഞ്ഞ വിദ്യാര്‍ഥികള്‍ക്ക് നേരേ ബസ് ഓടിച്ചുകയറ്റി ഡ്രൈവറുടെ പരാക്രമം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസ് തടഞ്ഞ വിദ്യാർത്ഥികള്‍ക്ക് നേരേ ബസ് ഓടിച്ചുകയറ്റി ഡ്രൈവറുടെ പരാക്രമം. ഭാ​ഗ്യം കൊണ്ട് മാത്രമാണ് വിദ്യാർത്ഥികളുടെ ജീവൻ രക്ഷപ്പെട്ടത്. മലപ്പുറം അരീക്കോട് ഐടിഐയ്ക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം.

ഐടിഐ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതിരുന്ന സ്വകാര്യ ബസാണ് വിദ്യാർത്ഥികള്‍ ചേര്‍ന്ന് നടുറോഡില്‍ തടഞ്ഞത്. തുടര്‍ന്ന് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ പ്രകോപിതനായ ഡ്രൈവര്‍ മുന്നിലുണ്ടായിരുന്ന വിദ്യാർത്ഥികള്‍ക്ക് നേരേ ബസ് ഓടിച്ചു കയറ്റി. ചിലര്‍ കുതറിമാറിയെങ്കിലും ഒരാള്‍ ബസിന്റെ മുന്‍വശത്ത് കുടുങ്ങി. ബസിന് മുന്നില്‍ തൂങ്ങിപ്പിടിച്ച് നിൽക്കാൻ സാധിച്ചത് മൂലമാണ് വിദ്യാർത്ഥി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഈ വിദ്യാർത്ഥിയുമായി ഏകദേശം 150 മീറ്ററോളം ദൂരം ബസ് സഞ്ചരിക്കുകയും ചെയ്തു.

ബസ് ഇടിപ്പിച്ച് കൊലപ്പെടുത്താനാണ് ജീവനക്കാര്‍ ശ്രമിച്ചതെന്ന് വിദ്യാർത്ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റതായും ഇവര്‍ പറഞ്ഞു. അതേസമയം,വിദ്യാർത്ഥികള്‍ ബസ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ചതായും ബസ് തല്ലിത്തകര്‍ത്തെന്നുമാണ് ബസ് ഉടമയുടെ ആരോപണം. സംഭവത്തില്‍ ഇരുകൂട്ടരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com