മുതിർന്ന ആർഎസ്എസ് പ്രചാരകൻ പി പരമേശ്വരൻ അന്തരിച്ചു

ആർഎസ്എസിന്റെ മുതിര്‍ന്ന പ്രചാരകനും ചിന്തകനുമായ പി പരമേശ്വരന്‍ (93) അന്തരിച്ചു
മുതിർന്ന ആർഎസ്എസ് പ്രചാരകൻ പി പരമേശ്വരൻ അന്തരിച്ചു

പാലക്കാട്: ആർഎസ്എസിന്റെ മുതിര്‍ന്ന പ്രചാരകനും ചിന്തകനുമായ പി പരമേശ്വരന്‍ (93) അന്തരിച്ചു. ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിക്ക് സ്വദേശമായ മുഹമ്മയിലാണ് സംസ്‌കാര ചടങ്ങുകള്‍.

1951 മുതൽ അദ്ദേഹം ആർഎസ്എസിന്റെ മുഴുവന്‍ സമയ പ്രചാരകനായി. കേരളത്തില്‍ രാമായണ മാസാചരണം, ഭഗവദ് ഗീതാ പ്രചാരണം എന്നിവയുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ഡല്‍ഹി ദീന്‍ ദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ഭാരതീയ വിചാര കേന്ദ്രം എന്നിവയുടെ ഡയറക്ടര്‍, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പദവികള്‍ വഹിച്ചു.

ചേര്‍ത്തല താലൂക്കിലെ മുഹമ്മ താമരശ്ശേരില്‍ ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി 1927ലായിരുന്നു പി പരമേശ്വരന്റെ ജനനം. ചങ്ങനാശ്ശേരി എസ്ബി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ കാലത്താണ് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നത്.

രാജ്യം പത്മശ്രീ, പദ്മ വിഭൂഷണ്‍ ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ആര്‍ഷ സംസ്‌കാര പരമ ശ്രേഷ്ഠ പുരസ്‌കാരം അമൃത കീര്‍ത്തി പുരസ്‌കാരമുള്‍പ്പെടെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com