'വളവുകളില്‍ വേഗത കുറയ്ക്കാന്‍ പറഞ്ഞു മടുത്തു, ഈ നടുക്കുന്ന വീഡിയോ കണ്ടെങ്കിലും ബോധ്യപ്പെടൂ'; ദൃശ്യം വൈറല്‍

വളവുകളില്‍ വേഗത കുറയ്ക്കുക... അമിത വേഗത അപകടകരം എന്ന ആമുഖത്തോടെ ഫെയ്‌സ്ബുക്കിലാണ് കേരള പൊലീസ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്
'വളവുകളില്‍ വേഗത കുറയ്ക്കാന്‍ പറഞ്ഞു മടുത്തു, ഈ നടുക്കുന്ന വീഡിയോ കണ്ടെങ്കിലും ബോധ്യപ്പെടൂ'; ദൃശ്യം വൈറല്‍

കൊച്ചി: വളവുകളില്‍ വേഗത കുറയ്ക്കണമെന്ന് വാഹന യാത്രക്കാരോട് പതിവായി പറയുന്ന മുന്നറിയിപ്പാണ്. പലപ്പോഴും ഇത് കാര്യമാക്കാതെ വളവുകളില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ച് അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം അപകടങ്ങളുടെ തീവ്രത ബോധ്യപ്പെടുത്താന്‍ ഒരു വീഡിയോയുമായി വന്നിരിക്കുകയാണ് കേരള പൊലീസ്. ഇത് വ്യാപകമായാണ് പ്രചരിക്കുന്നത്.

വളവുകളില്‍ വേഗത കുറയ്ക്കുക... അമിത വേഗത അപകടകരം എന്ന ആമുഖത്തോടെ ഫെയ്‌സ്ബുക്കിലാണ് കേരള പൊലീസ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. വളവിലൂടെ അമിത വേഗതയില്‍ വരുകയാണ് ഒരു ബൈക്കുകാരന്‍. നിയന്ത്രണം വിട്ട് വാഹനം മറയുന്നതാണ് അടുത്തരംഗം. നിരവധി തവണ മലക്കംമറിഞ്ഞ ശേഷം ബൈക്ക് ഒരു വീടിന്റെ മുന്നിലാണ് നില്‍ക്കുന്നത്. അതിനിടെ ബൈക്കില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരന്‍ ബൈക്കിന് പിന്നാലെ പാതയോരത്തെ കുറ്റിച്ചെടിയില്‍ വന്നുവീഴുന്നതുമാണ് ദൃശ്യങ്ങളിലുളളത്.

ബൈക്കിന്റെ വേഗതയ്ക്ക് ഒപ്പം യാത്രക്കാരന്‍ റോഡിലൂടെ നിരങ്ങിനീങ്ങിയശേഷമാണ് കുറ്റിച്ചെടിയില്‍ വന്നുവീഴുന്നത്. ശബ്ദം കേട്ട് അടുത്ത വീട്ടിലെ വീട്ടുടമസ്ഥന്‍ ഇറങ്ങി പുറത്തേയ്ക്ക് വരുന്നതും മറ്റൊരു ബൈക്ക് യാത്രക്കാരന്‍ എന്താണ് പറ്റിയതെന്ന് അറിയാന്‍ വണ്ടി നിര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹെല്‍മെറ്റ് വച്ചിരുന്നത് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യാത്രക്കാരന് സഹായകമായതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനം എടുത്ത് യാത്രക്കാരന്‍ ബൈക്ക് ഓടിച്ച് പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com