'വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സൈദ്ധാന്തികന്‍' ; പി പരമേശ്വരന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി

സാംസ്‌കാരിക അവബോധം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് പി പരമേശ്വരനെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു
'വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സൈദ്ധാന്തികന്‍' ; പി പരമേശ്വരന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : അന്തരിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ പി പരമേശ്വരന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും. സാംസ്‌കാരിക അവബോധം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് പി പരമേശ്വരനെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. സമുന്നതനായ സൈദ്ധാന്തികനാണ് പരമേശ്വരന്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അതിയായ വേദനയുണ്ടെന്നും മോദി പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സൈദ്ധാന്തികനായിരുന്നു പി പരമേശ്വരനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ആയുര്‍വേദാശുപത്രിയിലെ ചികില്‍സയ്ക്കുശേഷം വിശ്രമത്തിലിരിക്കെ മായന്നൂരിലെ തണല്‍ ബാലാശ്രമത്തോട് ചേര്‍ന്നുളള നിള സേവാസമിതി സെക്രട്ടറി കെ ശശികുമാറിന്റെ വീട്ടില്‍ വച്ച് രാത്രി പന്ത്രണ്ടിനായിരുന്നു അന്ത്യം. ഒറ്റപ്പാലത്തു നിന്ന് പുലര്‍ച്ചെ എറണാകുളം എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.

വൈകീട്ട് തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 9 മണി വരെ തലസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മൃതദേഹം ജന്മദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ ഉച്ചയ്ക്ക് സ്വദേശമായ ആലപ്പുഴ മുഹമ്മയില്‍ നടക്കും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായും ചിന്തകനും എഴുത്തുകാരനുമായി രാഷ്ട്രീയ സാമൂഹീകമേഖലകളില്‍ സാന്നിധ്യമായിരുന്ന പി പരമേശ്വരനെ രാജ്യം പത്മശ്രീ, പത്മവിഭൂഷന്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com