നിക്ഷേപിച്ചത് 44 കിലോ സ്വര്‍ണം; പെരുമ്പാവൂര്‍ സ്വദേശി അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2020 07:50 PM |
Last Updated: 10th February 2020 07:51 PM | A+A A- |
കൊച്ചി: 1500 കോടിയുടെ സ്വര്‍ണക്കടത്ത് കേസില്‍ ഒരു പെരുമ്പാവൂര്‍ സ്വദേശി കൂടി അറസ്റ്റില്‍. അംജത് സി സലീം എന്നയാളെയാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം ഇയാള്‍ നടത്തിയെന്നാണ് ഡിആര്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി.
കേസിന്റെ അന്വഷണം അവസാന ഘട്ടത്തിലാണ്. എറണാകുളം ബ്രോഡ്‌വേയിലെ വ്യപാരിയായ സിറാജിനെ ഡിആര്‍ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന അംജതിനെ അറസ്റ്റ് ചെയ്തത്.
മുംബൈ മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഡിആര്‍ഐ നല്‍കിയിരിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സ്വര്‍ണക്കള്ളക്കടത്തില്‍ അംജതിന്റെ വലിയ പങ്കാളിത്തം വെളിപ്പെടുത്തുന്നുണ്ട്. 44 കിലോയോളം സ്വര്‍ണം വാങ്ങുന്നതിനായി ഇയാള്‍ നിക്ഷേപം നടത്തിയെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2017 ഒക്ടോബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയാണ് ഇയാള്‍ നിക്ഷേപം നടത്തിയത്. പിടികിട്ടാപ്പുള്ളികളായ മുഹമ്മദ് ഫാസില്‍, മുഹമ്മദ് ആസിഫ് എന്നിവരുടെ കൂട്ടാളികൂടിയാണ് അംജതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അംജതും അറസ്റ്റിലായ മറ്റ് പ്രതികളും ചേര്‍ന്ന് വലിയ സാമ്പത്തിക ഇടപാടുകളാണ് നടത്തിയതെന്നാണ് ഡിആര്‍ഐ പറയുന്നത്.